ഞാൻ ദേവിക 4 | malayalam sex stories

ഞാൻ ദേവിക 4
Njan Devika- 4 | Previous Part


എന്തോ ഭാഗ്യം പോലെ ദേവുവിന് കേരളത്തിലെ തന്നെ ഒരു ഓഫീസിലേക്ക് സ്ഥലമാറ്റം കിട്ടി.
വീട്ടിൽ നിന്നും കുറച്ച് ദൂരെ ആയിരുന്നു ഓഫീസ്. അതുകൊണ്ട് ദിവസേന പോയി വരക്കം
നടക്കില്ല. ഒരത്ഭുതമെന്തെന്നാൽ അതേ ഓഫീസിൽ തന്നെ ആയിരുന്നു അഞ്ജലിയും ജോലി
ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ അഞ്ജലി അവളുടെ ഹോസ്റ്റലിൽ തന്നെ ദേവുവിനും റൂം
റെഡിയാക്കി. റൂമിൽ
അഞ്ജലിയെ കൂടാതെ ഒരു പെണ്ണും കൂടി ഉണ്ടായിരുന്നു. ആഴ്ചയിൽ ഒരു ദിവസം ദേവു വീട്ടിൽ
വന്ന് പോകും.
എനിക്കിപ്പോൾ നല്ല രീതിയിൽ വർക്ക് കിട്ടുന്നുണ്ട്, അതുകൊണ്ട് തന്നെ സഹായത്തിനായി
രണ്ട് കൂട്ടുകാരെയും കൂടെ കൂട്ടി. ഇപ്പോൾ കാര്യങ്ങൾ എല്ലാം അവന്മാർ ഓടി നടന്ന്
ചെയ്യും, കൈയിൽ നല്ല പൈസയും കിട്ടുന്നുണ്ട്.
കാര്യങ്ങൾ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ദേവു
വീട്ടിൽ ഉള്ള ഒരു ദിവസം ഞാൻ അവളെ കാണാനായി ചെന്നത്.
ഓരോരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ ദേവു പറഞ്ഞു.
“ഹോസ്റ്റലിൽ ആയിരിക്കുമ്പോൾ നല്ല ബോറാണെടാ.. അഞ്ജലി ആണെങ്കിൽ രാത്രി ആയി കഴിഞ്ഞാൽ
ഭർത്താവുമായി വിളിച്ച് ഫോണിൽ സംസാരം ആണ്, മറ്റേ പെണ്ണാണെങ്കിൽ അവളുടെ കാമുകനെ
വിളിച്ച് സൊല്ലക്കവും.. ഞാൻ ഇവർക്കിടയിൽ പോസ്റ്റ് ആണ്, നിന്നെ വിളിക്കാന് വച്ചാൽ നീ
ഈ ഇടയായി ഏത് സമയവും മായയുമായി സംസാരം അല്ലെ.”
അതൊരു കാര്യം സത്യം ആയിരുന്നു, ഞാൻ ഇപ്പോൾ മായയുമായി കുറച്ച് കൂടുതൽ ആണ്.
“എന്താ നിനക്കും ഫോൺ വിളിക്കാൻ ആരെങ്കിലും വേണമെന്ന് തോന്നുന്നുണ്ടോ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“സത്യം പറഞ്ഞാൽ അങ്ങനെ ഒരു തോന്നൽ ഇല്ലാതില്ല.”
അവളുടെ മനസ് ഇളകി തുടങ്ങിയിരിക്കുന്നതായി എനിക്ക് മനസിലായി.. അത് എന്റെ മനസിന്
ചെറിയൊരു സന്തോഷവും നൽകി.
“എങ്കിൽ നമുക്ക് നല്ലൊരു ചെക്കനെ നോക്കി തുടങ്ങിയാലോ?”
“കല്യാണത്തെ കുറിച്ച് ആലോചിക്കുമ്പോഴും ഒരു ടെൻഷൻ ആണെടാ… പിന്നെ ഞാൻ ഒരു കാര്യം
പറയാൻ മറന്നു പോയി.”
“എന്താ?”
“ഓഫീസിൽ ഒരാൾ എന്റെ ചുറ്റും കിടന്ന് കറങ്ങുന്നുണ്ടോന്ന് ഒരു ഡൌട്ട്.”
“ആര്?”
“ബിബിൻ എന്നാണ് പേര്.. നമ്മളെക്കാളും ഒരു വയസേ കൂടുതൽ ഉള്ളു.. ഈ ഇടയായി എന്നെ
കാണുമ്പോൾ ഒരു ചിരിയും സംസാരവുമൊക്കെ ഉണ്ട്.”
വീണ്ടും ബിജുവിനെ പോലെ ആരെങ്കിലും ആണോ എന്നായിരുന്നു എന്റെ സംശയം.
“വല്ല കോഴിയും ആണോടി?”
“ആണെന്ന് തോന്നുന്നില്ല.. വേറെ പെൺപിള്ളേരുമായിട്ടൊന്നും സംസാരിക്കുന്നത് ഞാൻ
കണ്ടിട്ടില്ല.. ഒരു ഒതുങ്ങിയ സ്വഭാവം ആണ്.. ആരുമായും അധികം സംസാരം ഒന്നും ഇല്ല.”
“അപ്പോൾ നീ അവനെയും ശ്രദ്ധിക്കുന്നുണ്ടല്ലേ?”
ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി.
.
.
ബീച്ചിലെ മണൽ തിട്ടയിലിരുന്ന് ഞാൻ തിരമാലകൾക്കൊപ്പം ഓടിക്കളിക്കുന്ന ദേവുവിനെ
നോക്കി. ആസ്തമ സൂര്യന്റെ വെളിച്ചം അവളുടെ മുഖത്തു തന്നെ തട്ടുന്നു. അത് അവളെ കൂടുതൽ
സുന്ദരി ആക്കുന്നപോലെ. ചുവന്ന ചുരിദാർ പാന്റ് മുട്ടിനൊപ്പം ഉയർത്തിവച്ച് ചെറു
തിരയിൽ കാല് നനച്ച് കളിക്കുകയാണ് അവൾ. അവളുടെ ഉള്ളിൽ എന്ത് മാത്രം സന്തോഷം
ഉണ്ടെന്ന് എനിക്ക് വായിച്ചെടുക്കാൻ കഴിയും.
അവൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ ഓടിയെത്തി.
ബിബിൻ വന്നെന്നെ പ്രൊപ്പോസ് ചെയ്തടാ, ഞാൻ അത് പ്രതീക്ഷിച്ചിരുന്നതാണ്.. അത്കൊണ്ട്
അപ്പോൾ തന്നെ ഞാൻ ഡിവോഴ്സ് ആണെന്ന കാര്യം അവനോട് പറഞ്ഞു.. അവന്റെ മുഖത്തെ അപ്പോൾ നീ
ഒന്ന് കാണേണ്ടതായിരുന്നു.
ഇത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.
ഞാൻ വിചാരിച്ചത് അതുവഴി അങ്ങ് പുള്ളി പോകുമെന്നായിരുന്നു.. പക്ഷെ മൂന്നിന്റന്ന്
വന്ന് പറയുവാ ഡിവോഴ്സ് ഒന്നും പുള്ളിക്കാരന് വിഷയമല്ല. എന്നെ കല്യാണം കഴിക്കാൻ
താല്പര്യം ആണെന്ന്. പക്ഷെ വീട്ടിൽ രണ്ട് അനിയത്തിമാർ നിൽപ്പുണ്ട് അവരുടെ കല്യാണം
കഴിയാതെ എന്റെ കാര്യം വീട്ടിൽ അറിയിക്കാൻ പറ്റില്ല പ്രതേകിച്ച് ഞാൻ ഒരു
രണ്ടാംകെട്ട് കാരി ആയതിനാൽ അനിയത്തിമാരുടെ കല്യാണത്തിന് മുൻപ് എന്നെ വീട്ടിലേക്ക്
വിളിച്ച് കൊണ്ട് ചെന്നാൽ അത് അവർക്ക് നല്ലൊരു ആലോചന വരുന്നതിന് തടസ്സമാകുമെന്ന്.
അതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി.”
തിരമാലകൾക്ക് ഒപ്പം ഓടിക്കളിച്ച് തളർന്നപ്പോഴാണെന്ന് തോന്നുന്നു ദേവു വന്ന് എന്റെ
അരികിലേക്ക് ഇരുന്നു.
“നീ എന്താടാ വരാഞ്ഞത്.നല്ല രസമുണ്ടായിരുന്നു.”
“പിന്നേ.. കൊച്ച് പിള്ളേരല്ലേ തിരയിൽ ഓടിക്കളിക്കാൻ.”
“കടലിൽ കളിക്കുന്നതിന് അങ്ങനെ ഇന്ന പ്രായമെന്നൊക്കെ ഉണ്ടോ?”
ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു.
“നമുക്കൊന്ന് നടന്നല്ലോ?”
“പിന്നെന്താ..”
അരികിൽ ഇരുന്ന അവളുടെ ചെരുപ്പ് എടുത്ത് എന്റെ കൈയിലേക്ക് തന്നുകൊണ്ട് അവൾ ചാടി
എഴുന്നേറ്റു.”
ആകാശത്തിനു നല്ല ഇളം ചുവപ്പ് നിറം. ഒരു കൈയിൽ അവളുടെ ചെരുപ്പും മറുകൈയിൽ അവളുടെ
മുറുക്കി പിടിച്ച കൈയും ആയി ഞാൻ നടന്നു. ചെറു തിരമാലകൾ ഞങ്ങളുടെ കാലിനോട് എന്തോ
രഹസ്യം പറഞ്ഞ് പോകുന്നുണ്ട്.
സംസാരത്തിന് ഒരു തുടക്കമിടണമല്ലോ എന്ന് വിചാരിച്ച് ഞാൻ ചോദിച്ചു.
“ബിബിന്റെ കാര്യം ‘അമ്മ എന്ത് പറഞ്ഞു?”
“നല്ലപോലെ ആലോചിച്ച് വേണം ഒരു തീരുമാനത്തിൽ എത്താൻ എന്ന് പറഞ്ഞു.”
“എന്താ നിന്റെ തീരുമാനം?”
ഒരു ചിരിയോടെ അവൾ ചോദിച്ചു.
“ഇതിനെ കുറിച്ച് എന്നോട് ചോദിപ്പിക്കാനാണോ വീട്ടിൽ ചടഞ്ഞു കൂടി ഇരിക്കാതെ
പുറത്തൊക്കെ ഒന്ന് പോയി വരാൻ പറഞ്ഞ് ‘അമ്മ എന്നെ നിന്റെ കൂടെ പറഞ്ഞു വിട്ടത്.?”
ഞാൻ ഒരു ചിരിയോടെ ചോദിച്ചു.
“എന്താ അവന്റെ കാര്യത്തിൽ നിന്റെ അഭിപ്രായം എന്ന് പറ?”
“ഏട്ടൻ എന്നെ നല്ല കെയറിങ് ആണെടാ, എന്റെ എല്ലാ കാര്യങ്ങളും ചോദിച്ച് മനസിലാക്കും,
എന്നോട് ഒരുപാട് സംസാരിക്കും, ഉപദേശിക്കും.. ഒരു ദിവസം ഏട്ടൻ എന്റെ ഫോൺ എടുത്ത്
നോക്കിയപ്പോൾ രാജീവിന്റെ നമ്പർ അതിൽ കിടക്കുന്നു, സത്യത്തിൽ അങ്ങനെ ഒരു നമ്പർ അതിൽ
ഉള്ള കാര്യം ഞാൻ തന്നെ മറന്നു പോയിരുന്നു.. പക്ഷെ ഏട്ടൻ എന്നെ കുറെ വഴക്ക് പറഞ്ഞു
എന്തിനാ അവന്റെ നമ്പർ ഇപ്പോഴും സൂക്ഷിക്കുന്നതെന്നും പറഞ്ഞു. ചോദിച്ചത് ശരിയല്ലേ?”
എന്തിനാ അവന്റെ നമ്പർ എന്റെ ഫോണിൽ.. ഞാൻ അപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്തു.”
ദേവു ബിബിനെ ഏട്ടൻ എന്നും പറഞ്ഞു സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആദ്യമൊക്കെ അവൾ
ബിബിൻ എന്ന് പേര് പറഞ്ഞു തന്നായിരുന്നു എന്നോട് സംസാരിച്ചിരുന്നത്. ഇപ്പോൾ അവൾ അവന്
ഒരു റെസ്‌പെക്ട് കൊടുത്ത് തുടങ്ങിയിക്കുന്നു. മാത്രനല്ല അവൻ കെയറിങ് എന്ന പേരിൽ
കാണിക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ വരെ ദേവു വലിയ സംഭവം ആയാണ് എടുക്കുന്നത്.. അവൾ
ബിബിനെ ഇഷ്ട്ടപെട്ട് തുടങ്ങിക്കഴിഞ്ഞു.
ഞാൻ വീണ്ടും അവളുടെ സംസാരത്തിലേക്ക് ശ്രദ്ധ തിരിച്ചു.
“പുള്ളിക്കാരൻ എന്റെ കാര്യത്തിൽ കുറച്ച് പൊസസ്സീവ് ആണെടാ.. ഓഫീസിലെ വേറെ
ആണുങ്ങളുമായി ഞാൻ സംസാരിക്കുന്നതൊന്നും ചേട്ടന് ഇഷ്ട്ടമല്ല.. ആരെങ്കിലും എന്റടുത്ത്
വന്ന് നിന്ന് സംസാരിച്ചാൽ പുള്ളിക്കാരന്റെ മുഖം കാണണം.. കടന്തൽ കുത്തിയപോലെ
വീർത്തിരിക്കും.
അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
“ഞാൻ ചെന്നൈയിൽ വച്ച് ബിജുവിന്റെ ഭാഗത്തു നിന്നും ഒരു മോശം അനുഭവം ഉണ്ടായെന്ന്
പറഞ്ഞു. ഉടൻ തന്നെ ചേട്ടൻ എന്റെ ഫോൺ വാങ്ങി ബിജുവിന്റെയും സിജോയുടെയും നമ്പർ
ഡിലീറ്റ് ചെയ്തു.”
“ബിജുവിന്റെ കാര്യം ഓക്കെ.. പക്ഷെ സിജോയുടെ നമ്പർ എന്തിനാ ഡിലീറ്റ് ചെയ്തത്.. അവൻ
നിന്നോട് ഒന്നും ചെയ്തില്ലല്ലോ.”
“പുള്ളിക്കാരൻ പറയുന്നത് സിജോയെ ഇനി കാണുന്നത്പോലും ഇല്ലല്ലോ, പിന്നേ എന്തിനാണ്
അവനുമായി ഒരു കോണ്ടാക്ട്.. ആവശ്യമില്ലാത്ത ബന്ധങ്ങൾ ആണ് അനാവശ്യ പ്രശ്നങ്ങൾക്ക് വഴി
വയ്ക്കുന്നതെന്ന്. ആണുങ്ങളുമായി ഞാൻ ഇനി ആവശ്യകാര്യങ്ങൾക്കല്ലാതെ വേറെ സംസാരം
വേണ്ടെന്ന് പറഞ്ഞു. ചിന്തിച്ചപ്പോൾ അതാണ് നല്ലതെന്നു എനിക്ക് തോന്നി. എന്തിനാ
ആവശ്യമില്ലാത്ത പ്രശ്നങ്ങൾ തലയിലേക്ക് വലിച്ചിഴക്കുന്നത്.”
എനിക്ക് ഇപ്പോൾ തന്നെ ബിബിനെ കുറിച്ചുള്ള ഒരു ഏകദേശ രൂപം മനസിലായി കഴിഞ്ഞിരുന്നു.
കല്യാണത്തിന് മുൻപ് തന്നെ ഒരു സ്നേഹത്തിന്റെ പുറത്ത് ദേവുവിനെ ഒരു കൂട്ടിലിട്ട തത്ത
ആക്കി മാറ്റുകയാണ്, അപ്പോൾ കല്യാണം കഴിഞ്ഞാൽ എന്തായിരിക്കും അവസ്‌ഥ.. അവൾ ആരുമായി
സംസാരിച്ചാലും ഒരു സംശയത്തോടെ അല്ലെ അവളെ നോക്കുകയുള്ളു. ഈ പൊട്ടിക്ക് ഇപ്പോൾ
അതൊന്നും എത്ര പറഞ്ഞാലും മനസിലാകില്ല.. പറയുന്നവരെ അവിശ്വസിക്കാതെ ഉള്ളു.
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“നിന്നോടും അകലം പാലിക്കാണെന്ന് ഏട്ടൻ പറഞ്ഞു.. ഞാൻ അപ്പോഴേ പറഞ്ഞു നിന്റെ
കാര്യത്തിൽ കൈ കടത്തിയത് കൊന്നു കളയുമെന്ന്.”
ഞാൻ അത് കേട്ട് ചെറുതായി പുഞ്ചിരിച്ചു.
എനിക്കറിയാമായിരുന്നു കുറഞ്ഞു നാളുകൾ കൊണ്ട് എല്ലാരേയും അവളിൽ നിന്നും അകറ്റിയ അവന്
എന്നെയും അവളിൽ നിന്നും അടർത്തി മാറ്റാൻ അധികം നാളുകൾ വേണ്ടി വരില്ലെന്ന്. അവർ ഒരേ
ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്.. അതുകൊണ്ട് അവർ തമ്മിൽ അടുക്കുവാനുള്ളതും ഞാനുമായി
അകലുവാനും ഉള്ള അവസരം വളരെ കൂടുതൽ ആണ്.
“നിങ്ങളുടെ കല്യാണം എന്നത്തേക്ക് നടത്താമെന്നാണ് ബിബിൻ പറയുന്നത്?”
“രണ്ട് അനിയത്തിമാരുടെയും കല്യാണം നടത്താനായി ഒരു നാല് വർഷത്തെ സാവകാശമാണ് എന്നോട്
ചോദിച്ചിട്ടുള്ളത്.”
“ദേവു.. ഈ നാല് വർഷമെന്ന് പറയുമ്പോൾ നിനക്ക് വയസ് എത്ര ആകുമെന്ന് അറിയാമോ?”
“എനിക്കറിയാടാ.. പക്ഷെ നീ ഒരു കാര്യം ചിന്തിക്കണം, ഞാൻ ഒരു രണ്ടകെട്ടു കാരി ആണ്,
പക്ഷെ ചേട്ടൻ അങ്ങനല്ല.. അപ്പോൾ നമ്മളും ചില വിട്ടു വീഴ്ചകൾക്ക് തയ്യാറാകണം.”
“പക്ഷെ ഈ നാല് വർഷത്തിന് ശേഷം അവന്റെ വീട്ടുകാർ കല്യാണത്തിന്
സമ്മതിച്ചില്ലെങ്കിലോ?”
പെട്ടെന്ന് നടത്തം നിർത്തി അവൾ എന്നോട് ചോദിച്ചു.
“നീ എല്ലാത്തിനും ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കുന്നതെന്തിനാ?”
“നമ്മൾ എല്ലാ വശവും ചിന്തിക്കണം ദേവു, നിന്റെ കാര്യത്തിൽ ഇനിയൊരു ചാൻസ് എടുക്കാൻ
പറ്റില്ല.”
അവൾ കുറച്ച് നേരം ആലോചിച്ച ശേഷം പറഞ്ഞു.
“നിനക്ക് ഒരു ഉറപ്പല്ലേ വേണുന്നത്.. നിനക്കും ഏട്ടനും തമ്മിൽ സംസാരിക്കാനുള്ള ഒരു
അവസരം ഞാൻ ഉണ്ടാക്കി തരാം.. നീ തന്നെ സംസാരിച്ച് എന്താ ഏട്ടന്റെ വീട്ടിലെ അവസ്ഥ
എന്ന് മനസിലാക്കിക്കോ, ഏട്ടൻ നിനക്കൊരു ഉറപ്പ് തന്നാൽ പോരെ?”
ഞാനും ബിബിനും തമ്മിൽ ഒരു കൂടിക്കാഴ്ച നല്ലതാണെന്ന് തോന്നിയതിനാൽ ഞാൻ എതിർത്തൊന്നും
പറഞ്ഞില്ല.
അന്ന് തന്നെ ഞാൻ അമ്മയോട് ദേവുവുമായി സംസാരിച്ച കാര്യങ്ങളും ബിബിനെ കുറിച്ച്
മനസിലാക്കിയ കാര്യങ്ങളും അറിയിച്ചു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മയ്ക്കും ആ ഒരു ബന്ധത്തിൽ താല്പര്യം
ഉണ്ടായിരുന്നില്ല.
അവസാനം ‘അമ്മ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ തറച്ചു.
“മോനെ അവളുടെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. ആൾക്കാരെ
മനസിലാക്കാൻ അവൾ ഇതുവരെ പഠിച്ചിട്ടില്ല.. വാശി കാണിച്ച് എന്നും പ്രശ്നങ്ങളിൽ ചെന്ന്
വീഴാൻ മാത്രമേ അവൾക്ക് അറിയുള്ളു.. അത് കാരണം അവസാനം അവളെ സൈക്യാട്രിസ്റ്റിനെ
കാണിക്കേണ്ട അവസ്ഥയിൽ വരെ എത്തി ഞാൻ.. ഒരുപാട് മരുന്ന് കഴിച്ചാണ് അവൾ പഴയ അവസ്ഥയിൽ
തിരിച്ചെത്തിയത്.. ഇനി ബിബിന്റെ കാര്യത്തിൽ വാശി കാണിച്ച് നമ്മൾ
സമ്മതിക്കാതിരിക്കുമ്പോൾ അവൾ പഴയപോലെ ഡിപ്രെഷനിൽ ആകുമോ എന്നാണ് എന്റെ പേടി.
എന്നെക്കാളും അവളുടെ കാര്യം അറിയാവുന്നത് മോനാണ്.. നീ പറഞ്ഞാലാണ് അവൾ
കുറച്ചെങ്കിലും കേൾക്കുന്നത്.. മോൻ അവളെ പതുക്കെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ
നോക്ക്.”
ദേവു പറഞ്ഞത് പോലെ തന്നെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ബിബിനുമായി കണ്ട്
സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി.
ഓഫീസിലെ ജോലി കഴിഞ്ഞ് അവിടെ അടുത്തുള്ള ഒരു പാർക്കിൽ വച്ച് കാണാം എന്നായിരുന്നു
തീരുമാനം.
ഞാൻ നേരത്തെ തന്നെ പാർക്കിൽ എത്തിച്ചേർന്നു. വലിയ തിരക്കൊന്നും ഇല്ല. ആളൊഴിഞ്ഞ
ഒരിടം നോക്കി ഞാൻ ഇരുന്നു.
എന്താണ് ബിബിനോട് സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ല. എനിക്കോ അമ്മക്കോ മാനസികമായി
അവനുമായി ഒരു ബന്ധത്തിന് താല്പര്യം ഇല്ലായിരുന്നു.
കുറച്ച് സമയത്തിനകം തന്നെ ദേവുവും ബിബിനും അവിടെ എത്തി. എന്റെ അരികിലേക്ക് നടന്ന്
വരുന്ന ബിബിനെ ഞാൻ നോക്കി. നല്ല വെളുത്തിട്ടാണ്, ക്ലീൻ ഷേവ്, ദേവുവിനെക്കാൾ ശകലം
കൂടി പൊക്കമുണ്ട്. പുറമെ നിന്നു നോക്കുമ്പോൾ എന്തുകൊണ്ടും ദേവുവിന് നല്ല
ചേർച്ചയുണ്ട്. അവളുടെ മുഖം സന്തോഷത്തിലാണ്.
ഞാൻ ഒരു സിമെന്റ് ബെഞ്ചിൽ ആണ് ഇരുന്നിരുന്നത്. ദേവു വന്നയുടൻ എന്റെ അരികിലായി
ഇരുന്നു. ബിബിൻ ഞങ്ങൾക്ക് എതിരെ ഉള്ള ബെഞ്ചിലും. ദേവു സാധാരണ അങ്ങനെ തന്നെയാണ്,
എവിടെയെങ്കിലും പോകുമ്പോൾ ഞാൻ ഉണ്ടെങ്കിൽ എന്റെ അരികിൽ തന്നെയാണ് ഇരിക്കാറുള്ളത്.
ഞാൻ ബിബിന്റെ മുഖം ശ്രദ്ധിച്ചു. അവൾ എന്റെ അരികിൽ ഇരുന്നത് അവന് ഇഷ്ട്ടമായില്ലെന്ന്
അവന്റെ മുഖ ഭാവത്തിൽ നിന്നും മനസിലായി. ദേവുവിനും അത് മനസിലായെന്ന് എനിക്ക് തോന്നി.
അങ്ങോട്ടും എങ്ങോട്ടുമുള്ള പരിചയപെടുത്തലുകൾക്ക് ശേഷം ദേവു പറഞ്ഞു.
“ഞാൻ പോയി ചായ വാങ്ങി കൊണ്ട് വരാം.”
ബിബിൻ പെട്ടെന്ന് പറഞ്ഞു.
“എനിക്ക് വേണ്ട.”
അവൾ ഒന്നും മിണ്ടിയില്ല. എഴുന്നേറ്റ് അവിടെ നിന്നും പോയി. അവൾ പോയി കഴിഞ്ഞു ഞങ്ങൾ
ഒന്നും മിണ്ടിയില്ല. അവൾ ഷോപ്പിൽ പോയി ചായ വാങ്ങുന്നതും തിരികെ വരുന്നതും നോക്കി
ഞങ്ങൾ ഇരുന്നു. തിരികെ വരുമ്പോൾ അവളുടെ കൈയിൽ മൂന്നു ഗ്ലാസ് ചായ ഉണ്ടായിരുന്നു. ഒരു
ഗ്ലാസ് ചായ എന്റെ കൈയിൽ തന്നിട്ട് അവൾ ബിബിൻ ഇരിക്കുന്ന ബെഞ്ചിലേക്ക് ഇരുന്ന് അവന്
നേരെ ചായ നീട്ടി. അവളെ ഒന്ന് തുറിച്ച് നോക്കിയ ശേഷം അവൻ ഒരു പുഞ്ചിരിയോടെ ചായ
വാങ്ങി.
ഞാൻ അവർ ഇരിക്കുന്നത് ശ്രദ്ധിച്ചു. ഇഴകി ചേർന്നൊന്നും അല്ല അവൾ അവന്റെ അരികിൽ
ഇരിക്കുന്നത്. അവർക്കിടയിൽ ഒരു അകലം ഉണ്ടായിരുന്നു.
ഔപചാരികമായ സംഭാഷണങ്ങൾക്ക് ശേഷം ഞാൻ വിഷയത്തിലേക്ക് കടന്നു.
“ബിബിന് ഇവളുമായുള്ള കല്യാണം എന്ന് നടത്താമെന്നാണ് പ്ലാൻ?”
“എന്തായാലും എനിക്ക് ഒരു നാല് വർഷത്തെ സാവകാശം വേണ്ടി വരും.”
“നാല് വർഷമെന്ന് പറയുമ്പോൾ ഇവൾക്കന്ന് വയസ് മുപ്പത് ആകും.”
“എന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കണം.. എനിക്ക് രണ്ട് അനിയത്തിമാരാണ് ഉള്ളത്,
അവരെ എനിക്ക് കെട്ടിച്ച് വിടണം.”
“അതൊക്കെ ശരിയാണ്, പക്ഷെ ഇവളുടെ ജീവിതത്തിലെ നാല് വർഷമാണ് പാഴായി പോകുന്നത്.”
ബിബിന്റെ സ്വരം ഒന്ന് കടുത്തു.
“ഇവൾ കാത്തിരിക്കാൻ തയ്യാറാണല്ലോ.. പിന്നെന്താ കുഴപ്പം.”
ഞാൻ ദേവുവിനെ നോക്കിയപ്പോൾ അവൾ ദയനീയമായി എന്നെ നോക്കുകയാണ്.
ഞാൻ ദേഷ്യം ഉള്ളിലൊതുക്കി പറഞ്ഞു.
“ഓക്കേ.. പക്ഷെ നാല് വർഷം കാത്തിരുന്നാൽ ഈ വിവാഹം നടക്കുമെന്ന് എന്താ ഒരു ഉറപ്പ്.”
“ഞാൻ പറഞ്ഞല്ലോ എന്റെ അനിയത്തിമാരുടെ കല്യാണം കഴിയാതെ ഇവളെ കെട്ടുവാൻ
എനിക്കാവില്ല.. അവരുടെ കല്യാണത്തിന് മുൻപ് ഞാൻ ഒരു രണ്ടാംകെട്ടുകാരിയെ കല്യാണം
കഴിച്ചാൽ അത് ചിലപ്പോൾ എന്റെ അനിയത്തിമാരുടെ ജീവിതത്തെ ബാധിക്കും.”
“ഞാൻ അത് മനസിലാക്കുന്നു..അത് കൊണ്ട് എന്റെ ആവിശ്യം ഇത്രേ ഉള്ളു, ഉടനെ കെട്ടണമെന്ന്
ഞാൻ പറയുന്നില്ല. പക്ഷെ വീട്ടിൽ ദേവുവിന്റെ കാര്യം പറഞ്ഞ് സമ്മതം വാങ്ങണം.
ഞങ്ങൾക്ക് ഒരു ഉറപ്പിന് വേണ്ടി.”
കുറച്ച് നേരം നിശബ്തനായി ഇരുന്നിട്ട് അവൻ പറഞ്ഞു.
“എന്റെ വീട്ടുകാർ ഒരു പഴഞ്ചൻ ചിന്താഗതിക്കാർ ആണ്, ഇപ്പോൾ ഇത് വീട്ടിൽ പറഞ്ഞാൽ അവർ
അത് സമ്മതിക്കില്ല.”
“അപ്പോൾ നാല് വർഷം കഴിഞ്ഞാൽ സമ്മതിക്കുമെന്നാണോ?”
“അനിയത്തിമാരുടെ കല്യാണം കഴിഞ്ഞാൽ പറഞ്ഞ് സമ്മതിപ്പിക്കാം എന്ന് എനിക്ക്
ഉറപ്പുണ്ട്.”
“അഥവാ അന്നും വീട്ടുകാർ സമ്മതിച്ചില്ലേലും നീ ഇവളെ കെട്ടുമോ?”
അവൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
“എന്റെ വീട്ടുകാരെ എതിർത്ത് ഞാൻ ഒന്നും ചെയ്യില്ല.. പക്ഷെ ഞാൻ ഉറപ്പ് തരുന്നല്ലോ
അവരെക്കൊണ്ടു സമ്മതിപ്പിക്കുമെന്ന്.
എനിക്ക് എന്റെ ദേഷ്യത്തെ പിടിച്ച് നിർത്താനായില്ല.
“ഇവളെന്താ എല്ലാര്ക്കും തട്ടി കളിക്കാവുന്ന പന്താണെന്നാണോ നിന്റെ വിചാരം.. ഈ
കല്യാണത്തെ കുറിച്ച് നീ ഇനി ചിന്തിക്കേണ്ട.”
ഞാൻ ദേവുവിനോടായി പറഞ്ഞു.
“ദേവു, ഇത് ഇവിടം കൊണ്ട് നിർത്തുന്നതാണ് നിനക്ക് നല്ലത്, നമുക്കിത് വേണ്ട.”
ദേവുവിന്റെ മുഖം ആകെ വിവർണ്ണം ആയി.
ഒച്ച ഉയർത്തികൊണ്ട് ബിബിൻ ചോദിച്ചു.
“അവൾ ആരെ കെട്ടണം കെട്ടണ്ട എന്ന് തീരുമാനിക്കാൻ നീ ആരാണ്.. അവളുടെ സഹോദരൻ ഒന്നും
അല്ലല്ലോ നീ.”
ദേവു പെട്ടെന്ന് ബിബിനോട് പറഞ്ഞു.
“ഏട്ടാ.. ആവിശ്യം ഇല്ലത്ത സംസാരം നിർത്ത്..”
“എന്ത് സംസാരിക്കണം എന്ന് എനിക്കറിയാം. അവൻ നിന്റെ കൂട്ടുകാരൻ അല്ലേ, കൂട്ടുകാരൻ
കൂട്ടുകാരന്റെ സ്ഥാനത് നിന്നാൽ മതി, അല്ലാതെ നിന്റെ ജീവിതത്തിൽ ഇടപെടാൻ വരണ്ട.”
ഞാൻ പെട്ടെന്ന് അവന്റെ കോളറിൽ കയറി പിടിച്ചു. ദേവു എന്നെ തള്ളി മാറ്റിക്കൊണ്ട്
പറഞ്ഞു.
“മാറി നിൽക്കടാ..”
ഞാൻ ചെറുതായി അവളുടെ വാക്കുകൾക്ക് മുന്നിൽ പതറി പോയി.
അവൾ ബിബിന് നേരെ തിരിഞ്ഞ് പറഞ്ഞു.
“ഇവൻ എന്റെ ആരാണെന്ന് നിന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. നിന്നെ
കാണുന്നതിന് മുൻപേ അവൻ എനിക്കൊപ്പം ഉള്ളതാണ്, അവൻ എന്റെ ആരാണെന്ന് എനിക്കും അറിയാം
എന്റെ അമ്മയ്ക്കും അറിയാം.. ഞാൻ പറഞ്ഞിട്ടാണ് അവൻ എനിക്ക് വേണ്ടി സംസാരിക്കാൻ
വന്നത്.”
അവളുടെ വാക്കുകൾക്ക് മുന്നിൽ അവൻ എന്ത് പറയണമെന്ന് അറിയാതെ പതറിപ്പോയി, കുറച്ച്
നേരം ഞങ്ങൾ രണ്ടുപേരെയും മാറി മാറി നോക്കിയ ശേഷം അവൻ പറഞ്ഞു.
“നിന്റെ ജീവിതത്തിൽ ഇനി ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഉണ്ടാകില്ല. ആരെ വേണമെന്ന്
നിനക്ക് തീരുമാനിക്കാം.”
അവൻ അവിടെ നിന്നും വേഗതയിൽ നടന്നു.
ദേവു കുറച്ച് നേരം എന്നെ തന്നെ നോക്കി നിന്നു, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“നീ എന്റെ കല്യാണം പറഞ്ഞു ഉറപ്പിക്കാനാണോ അതോ എന്റെ ജീവിതം നശിപ്പിക്കാനാണോ
വന്നത്.”
ഞാൻ പകച്ചു പോയി ആ ചോദ്യത്തിന് മുന്നിൽ. അവളുടെ നന്മക്ക് വേണ്ടി മാത്രമായിരുന്നു
ഞാൻ അത്രയും നേരം സംസാരിച്ചത്. പക്ഷെ അവൾ അത് മനസിലാക്കുന്നില്ല.
എന്താ ചെയ്യണ്ടതെന്ന് അറിയാതെ ഞാൻ അവിടെ പകച്ച് നിൽക്കുന്ന സമയം ദേവു ബിബിൻ പോയ
വഴിയേ വേഗതയിൽ നടക്കുകയായിരുന്നു.
കുറച്ച് നേരം കൂടി അവിടെ നിന്ന ശേഷം ഞാൻ എന്റെ ബൈക്കിന് അടുത്തേക്ക് നടന്നു. ബൈക്ക്
ഓടിക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നതിനാൽ മുന്നിലെ കാഴ്ചകൾക്ക് ഒരു മങ്ങളായിരുന്നു.
മനസിനുള്ളിൽ ആകെ ശൂന്യത മാത്രം. പറ്റുന്നത്ര വേഗതയിൽ ബൈക്ക് ഓടിച്ചു. ആ യാത്ര
ചെന്ന് നിന്നത് മായയുടെ വീടിന്റെ ഗേറ്റിനു മുന്നിൽ ആണ്.
അവൾ ഇരുട്ടി തുടങ്ങിയ നേരത്തും എന്തോ കാര്യത്തിന് മുറ്റത്ത് നിൽക്കുകയായിരുന്നു.
വീടിനു മുന്നിൽ ഒരു ബൈക്ക് വന്ന് നിൽക്കുന്ന കണ്ട് അവൾ ഗേറ്റിനടുത്തേക്ക് വന്നു.
എന്നെ കണ്ടതും അവൾ ചിരിച്ച്കൊണ്ടു ഗേറ്റ് തുറന്ന് എന്റെ അരികിലേക്ക് വന്നു.
“എന്താ ഈ സമയത് ഇവിടെ?”
ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ തൊട്ടരികിൽ എത്തിയപ്പോഴാണ് എന്റെ കണ്ണ്
നിറഞ്ഞിരിക്കുന്നത് അവൾ കണ്ടത്.
“എന്താ ഏട്ടാ, എന്ത് പറ്റി?”
“നീ എന്റെ കൂടെ കുറച്ച് നേരത്തേക്ക് പുറത്തേക്ക് വരുമോ. എനിക്ക് ഒറ്റക്ക് നില്ക്കാൻ
വയ്യ.”
അവൾ ഒന്നും ചിന്തിക്കാതെ തന്നെ പറഞ്ഞു.
“ഒരു മിനിട്, ഞാൻ ഇപ്പോൾ വരാം.”
വീട്ടിൽ പറയാനാണെന്നു തോന്നുന്നു അവൾ അകത്തേക്ക് പോയത്. കുറച്ച് സമയത്തിനകം അവൾ
എന്റെ അരികിൽ തിരികെ വന്നു. ഒരു തൂവെള്ള ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത്.
ഞാൻ അവളോട് പറഞ്ഞു.
“കയറ്..”
അവൾ എന്റെ കൈയിലേക്ക് പിടിച്ചു.. എന്താണെന്ന് അറിയില്ല എന്റെ കൈ അപ്പോൾ
വിറക്കുന്നുണ്ടായിരുന്നു.
“ഏട്ടൻ പിന്നിലേക്ക് ഇരിക്ക് ഞാൻ ഓടിക്കാം.”
ഞാൻ തന്നെയായിരുന്നു അവളെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചിരുന്നത്.
എതിർത്തൊന്നും പറയാൻ നിന്നില്ല ഞാൻ. പിന്നിലേക്ക് നീങ്ങി ഇരുന്നു.
മായ ബൈക്ക് ഓടിക്കുമ്പോൾ അവളുടെ മുടി പാറിപറന്ന് എന്റെ മുഖത്തേക്ക്
വീഴുന്നുണ്ടായിരുന്നു. ഞാൻ അവളുടെ മുടി ഒരു സൈഡിലേക്ക് ഒതുക്കിയ ശേഷം തോളിൽ തല
ചേർത്തിരുന്നു.
അവൾ എന്നോട് ഒന്നും മിണ്ടുന്നില്ലായിരുന്നു. സ്ട്രീറ്റ് ലൈറ്റുകൾ പിന്നിലേക്കാക്കി
മായ സാവധാനം ബൈക്ക് ഓടിച്ചു കൊണ്ടേ ഇരുന്നു. അല്ലെങ്കിലും അവൾ എന്നെ നിർബന്ധിച്ച്
ഒന്നും പറയിക്കാറില്ല. അവൾക്കറിയാം കുറച്ച് വൈകി ആണെങ്കിലും ഞാൻ എന്റെ മനസിലുള്ളത്
എല്ലാം അവളോട് പറയുമെന്ന്.
ഞാൻ സാവധാനം അന്ന് നടന്നതെല്ലാം അവളോട് പറഞ്ഞു, അവൾ എല്ലാം മൂളി കേട്ട്
കൊണ്ടിരുന്നു.
എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവൾ എന്നോട് ചോദിച്ചു.
“ഏതെങ്കിലും ഒരു പെണ്ണിന് വേണ്ടി എന്തിനാണ് ചേട്ടൻ കണ്ടവന്മാരുമായി വഴക്കുണ്ടാക്കാൻ
പോകുന്നത്?”
അതിന് എനിക്ക് ഒരു ഉത്തരം മാത്രേ അവൾക്ക് കൊടുക്കാനുള്ളയിരുന്നു.
“അവൾ ഏതെങ്കിലും ഒരു പെണ്ണല്ലല്ലോ.. എന്റെ ദേവു അല്ലെ?”
.
.
കുറച്ച് ദിവസം ദേവുവിന്റെ ഒരു വിവരവും ഇല്ലായിരുന്നു. ഞാനും അവളെ വിളിക്കാൻ
പോയില്ല.. രണ്ടുപേരുടെയും മനസ് ശരിയല്ലാത്തതിനാൽ വിളിച്ചാലും അത് അടിയിലായിരിക്കും
അവസാനിക്കുക എന്ന് ഞാൻ കരുതി.
പക്ഷെ എന്നെ തേടി അവളുടെ അമ്മയുടെ വിളി എത്തി.
ദേവു വീട്ടിൽ ഉണ്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ വീട്ടിൽ വരുമോ എന്നതായിരുന്നു
ആവിശ്യം.
ഞാൻ ഉടനെ തന്നെ അവളുടെ വീട്ടിൽ ചെന്നു.
ഞാൻ ചെല്ലുമ്പോൾ എന്നെയും കാത്ത് ദേവുവും അമ്മയും ഹാളിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ
കസേരയിലേക്ക് ഇരുന്നപ്പോൾ ‘അമ്മ തന്നെ സംസാരത്തിന് തുടക്കമിട്ടു.
“ബിബിൻ ഇന്ന് ഇവിടെ വന്നിരുന്നു.. നാല് വർഷത്തെ സാവകാശം കൊടുത്താൽ അവൻ ദേവുവിനെ
കല്യാണം കഴിക്കുമെന്ന് പറഞ്ഞു.”
‘അമ്മ പറഞ്ഞു തീർന്നതും ദേവു പറഞ്ഞു.
“നിനക്ക് ഉറപ്പല്ലായിരുന്നോ വേണുന്നത്, ഏട്ടൻ ഇപ്പോൾ എന്റെ അമ്മയ്ക്ക് വാക്ക്
കൊടുത്തിട്ടുണ്ട്. പോരെ?”
ഞാൻ ചെറിയൊരു പുച്ഛത്തോടെ പറഞ്ഞു.
“ഇപ്പോഴും അവന്റെ വീട്ടിൽ പറഞ്ഞിട്ടില്ലല്ലോ.”
“ഏട്ടന്റെ വീട്ടിൽ പറയാൻ പറ്റാത്ത ഒരു സാഹചര്യം ആയത് കൊണ്ടല്ലേ എന്റെ അമ്മക്ക്
വാക്ക് കൊടുത്തത്.”
“ദേവു നീ എങ്ങനാ അവന്റെ കൂടെ ജീവിക്കാൻ പോകുന്നത്, ഒരു അടിമയെ പോലെയോ.. ആരോടും
സംസാരിക്കരുത് മിണ്ടരുത്..”
“അതൊക്കെ എന്റെ നല്ലതിന് വേണ്ടിയല്ലേ ഏട്ടൻ ചെയ്യിച്ചത്.”
“നിനക്ക് ഇപ്പോൾ അതൊക്കെ നിന്റെ നല്ലതിനാണെന്ന് തോന്നും.. പക്ഷെ ഭാവിയിൽ നിനക്ക്
ചുറ്റും ആരും ഇല്ല അവൻ മാത്രേ ഇല്ലെന്ന് അറിയുമ്പോൾ ഒരുപാട് വൈകി പോയിരിക്കും.
കൂട്ടിൽ അടച്ച കിളിയുടെ അവസ്ഥ ആയിരിക്കും അപ്പോൾ നിന്റേത്, രക്ഷപെടാൻ കഴിഞ്ഞെന്ന്
വരില്ല.”
അവൾ ദേഷ്യത്തോടെ എന്നോട് ചോദിച്ചു.
“നിനക്ക് ഇപ്പോൾ എന്താ വേണുന്നത്, ഞാൻ ഏട്ടനെ കല്യാണം കഴിക്കാതിരിക്കണോ?”
എനിക്കതിന് ഒരു മറു ചോദ്യമായിരുന്നു അവളോട് ചോദിക്കാനുണ്ടായിരുന്നത്.
“നിന്റെ അമ്മക്ക് ബിബിനുമായി ഉള്ള ബന്ധം ഇഷ്ട്ടമല്ല. അത് നിനക്കറിയിയമോ?”
അവൾ പെട്ടെന്ന് അമ്മയുടെ നേരെ നോക്കി, ‘അമ്മ നിസ്സഹായ അവസ്ഥയിൽ മിണ്ടാതെ നിന്നു.
“‘അമ്മ ഒരിക്കലും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.”
“പറയില്ല.. കാരണം നിന്നെ പേടി ആണ് നിന്റെ അമ്മയ്ക്ക്, നീ വീണ്ടും പഴയ അവസ്ഥയിൽ
ഡിപ്രെഷനിലേക്ക് പോകുമോ, ഇനിയൊരു കല്യാണത്തിന് സമ്മതിക്കാതെ ഇരിക്കുമോ എന്നുള്ള
പേടി.”
കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്നിട്ട് പറഞ്ഞു.
“അമ്മയുടെ ഒരു തോന്നൽ സത്യമായിരുന്നു. ഈ കല്യാണം ഇല്ലെങ്കിൽ എനിക്കിനി വേറൊരു
കല്യാണം വേണ്ട.”
“നീ ഈ കല്യാണം കഴിക്കുകയാണെങ്കിൽ അതായിരിക്കും നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ
പരാജയവും.”
“നീ മായയെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുമ്പോഴും ഞാൻ ഇവിടെ ഇങ്ങനെ
നിൽക്കണമെന്നാണോ നിന്റെ ആഗ്രഹം.”
എനിക്ക് അതിന് ഒരു ഉത്തരം പറയാൻ കിട്ടിയില്ല.
“അവനുമായുള്ള നിന്റെ ബന്ധം തുടർന്നാൽ എന്നോട് മിണ്ടുവാൾ അവൻ നിന്നെ
അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ?”
“അതൊരിക്കലും ഇല്ല.. പക്ഷെ എനിക്ക് പറ്റുന്ന സമയങ്ങളിൽ ഞാൻ നിന്നോട് സംസാരിക്കും.”
ഞാൻ അവളെയും അമ്മയെയും നോക്കി, എന്നിട്ട് പറഞ്ഞു.
“അങ്ങനെ ഒരു ഔധാര്യം എനിക്ക് വേണ്ട.”
ഞാൻ അവരോടു യാത്ര പോലും പറയാതെ അവിടെ നിന്നും ഇറങ്ങുമ്പോൾ ‘അമ്മ അവളോട് പറയുന്ന
വാക്കുകൾ എന്റെ ചെവിയിൽ പതിഞ്ഞു.
“എല്ലാ പ്രവിശ്യവും നീ ഓരോന്ന് കാണിച്ച് കൂട്ടി അവസാനമിരുന്ന് കരയുമ്പോൾ അവനെ
നിനക്കൊപ്പം ഉണ്ടായിരുന്നുള്ളു. ഈ ഒരു പ്രാവിശ്യം അവനും കാണണമെന്നില്ല.”
.
.
നിലത്തു കിടന്നിരുന്ന ദേവുവിന്റെ അമ്മയുടെ ശവ ശരീരത്തിലേക്ക് ഞാൻ നോക്കി.
ഒരാഴ്ചക്ക് മുൻപ് ഒരു യാത്രപോലും പറയാതെ ഇവിടെ നിന്നും ഇറങ്ങി പോകുമ്പോൾ അമ്മയെ ഇനി
ഇങ്ങനെ ഒരവസ്ഥയിൽ ആണ് കാണേണ്ടി വരികയെന്ന് ഞാൻ കരുതിയിരുന്നില്ല.
ശവ ശരീരത്തിനടുത്തായി കരഞ്ഞു തളർന്ന ദേവിക അവരുടെ ബന്ധുവിന്റെ ദേഹത്തേക്ക് ചാരി
ഇരിക്കുകയാണ്.
വീട്ടിൽ കിടക്കുന്ന സമയത് ഹാർട്ട് അറ്റാക്ക് വന്നതാണ്.. ഹോസ്പിറ്റലിലേക്ക് കൊണ്ട്
പോകാൻ ആരും വീട്ടിൽ ഇല്ലായിരുന്നു. വൈകുന്നേരം ദേവു വീട്ടിൽ വരുമ്പോഴാണ് ‘അമ്മ
മരിച്ച കിടക്കുന്നത് അറിഞ്ഞത്.
ഞാൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് കൂടി നോക്കി. ആ ഐശ്വര്യം അതേപോലെ ഇപ്പോഴും ഉണ്ട്.
എന്നും ദുഃഖങ്ങൾ മാത്രം പേറി നടക്കാൻ വിധിക്കപെട്ട സ്ത്രീ.. ആദ്യം ഭർത്താവിനെ
നഷ്ടമായി. അതിനെ അതിജീവിച്ച ജീവിക്കാൻ ശ്രമിച്ചപ്പോൾ പിന്നീട് ദേവുവിനെ കുറിച്ചുള്ള
ദുഃഖങ്ങൾ മാത്രമായിരുന്നു അവരെ കാത്തിരുന്നത്. എന്തൊക്കെ വിഷമങ്ങൾ ഉണ്ടായാലും ആ
മുഖത്തു സദാസമയം ഒരു പുഞ്ചിരി കാണുമായിരുന്നു.
ഞാനും ദേവുവും ആയുണ്ടായിരുന്ന ബന്ധത്തെ ഒരിക്കൽ പോലും ‘അമ്മ തെറ്റായി
കണ്ടിരുന്നില്ല. ചിലപ്പോൾ അവരുടെ ഒരു മകനായി ദേവുവിന്റെ ഒരു സഹോദരൻ ആയിട്ടാകും അവർ
എന്നെ കണ്ടിരുന്നത്.
അറിയാതെ തന്നെ എന്റെ കണ്ണിൽ നിന്നും കുറച്ച് കണ്ണുനീർ താഴേക്കൊഴുകി.
ദേവുവിനെ ഒന്നും കൂടി നോക്കിയ ശേഷം ഞാൻ പുറത്തേക്ക് നടന്നു.
ഒരു മാസത്തോളം കഴിഞ്ഞാണ് ദേവു പിന്നും ജോലിക്ക് പോയി തുടങ്ങിയത്. അതിനിടയിൽ ചില
ദിവസങ്ങളിൽ ഞാൻ അവളെ കാണാൻ പോയിരുന്നു. ഞങ്ങൾക്ക് ഇടയിൽ സംസാരിക്കാൻ ഒന്നും ഇല്ലായിരുന്നു. എന്തോ പഴയ പോലൊരു അടുപ്പം ഞങ്ങൾക്കിടയിൽ ഇല്ലെന്ന് ഞാൻ മനസിലാക്കി തുടങ്ങി.

അവൾ ജോലിക്ക് പോയി തുടങ്ങിയ ശേഷം വീട്ടിലേക്ക് വരാറില്ലായിരുന്നു. സ്ഥിരം
ഹോസ്റ്റലിൽ തന്നെയാണ്. ഞാൻ ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്.. മിക്കപ്പോഴും അവളുടെ ഫോൺ ബിസി ആയിരിക്കും. എനിക്കറിയാമായിരുന്നു അവൻ ബിബിനുമായി സംസാരികയാണെന്ന്. ഞാൻ ഒരു പരാതിയും പറഞ്ഞില്ല. വല്ലോപ്പോഴും മാത്രം ഞങ്ങൾക്ക് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളിൽ ബിബിന്റെ പേര് കടന്നു വരാതിരിക്കാൻ ഞാനും അവളും ശ്രമിച്ചിരുന്നു.
.
.
ഹോസ്പ്പിറ്റലിൽ ICU ന് മുന്നിൽ നിൽക്കുമ്പോൾ ഞാൻ അറിയാതെ ചിന്തിച്ച് പോയി ദൈവത്തിനു കഴിഞ്ഞ കുറച്ച് കാലങ്ങളായി എന്നോട് കരുണ ഇല്ലെന്ന്.
ആദ്യം ദേവുവിനെ എന്നിൽ നിന്നും അകറ്റി, പിന്നീട് എന്നെ ഒരു മകനായി കണ്ടിരുന്ന
അവളുടെ അമ്മയെ ഇല്ലാതാക്കി, ഇപ്പോൾ എന്നെ ജീവനേക്കാളേറെ സ്നേഹിച്ച മായയെ ജീവിക്കുമോ മരിക്കുമോ എന്ന് ഒരു ഉറപ്പില്ലാതെ കിടത്തിയിരിക്കുന്നു.
ടു വീലറിൽ പോകുവായിരുന്ന മായയെ ഒരു ടിപ്പർ വന്ന് ഇടിക്കുകയായിരുന്നു. ശരീരത്തിൽ
മൊത്തം സാരമായ പരിക്കുണ്ട്, തലയിലെ പരുക്ക് കുറച്ച് ഗുരുതരവും. ഒന്നും പറയാനാകാത്ത അവസ്ഥ.
ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്, ഹൃദയത്തിനുള്ളിൽ എന്തോ ഭാരം ഇറക്കി വച്ചിരുന്ന
അവസ്ഥ. പക്ഷെ കരച്ചിൽ പുറത്തേക്ക് വരുന്നില്ല.
ഉച്ച ആയപ്പോൾ അച്ഛൻ ചോറ് കഴിക്കാനായി വിളിച്ചു. കഴിക്കാൻ തോന്നിയില്ല.. അച്ഛൻ
പിന്നേ നിർബന്ധിച്ചതുമില്ല.
ഡോക്ടറിനോട് സംസാരിച്ചിട്ട് വരുന്ന ഇളയച്ഛൻ കണ്ട്.. ആ മുഖം കണ്ടപ്പോൾ തന്നെ
മനസിലായി പ്രതീക്ഷിക്കാൻ വകയൊന്നും ഇല്ലെന്നു. എങ്കിലും ഒരു അവസാന പ്രധീക്ഷ
എന്നുള്ള രീതിയിൽ ഞങ്ങൾ ആ ICU വിനു മുന്നിൽ കാത്തിരുന്നു.
ആരോടെങ്കിലും ഒന്ന് മനസ് തുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
പൊട്ടിക്കരയാമായിരുന്നു. ഹൃദയം പൊട്ടിപ്പോകുന്ന വേദന. ദേവുവിന്റെ മുഖം മാത്രമാണ്
മനസ്സിൽ വന്നത്. ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു. ആളൊഴിഞ്ഞ ഒരു കോണിൽ പോയി നിന്ന്
അവളെ വിളിച്ചു. ഒന്ന് രണ്ട് തവണ വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞപ്പോൾ പിന്നേ
വിളിക്കാൻ തോന്നിയില്ല.
രാത്രി ഹോസ്പിറ്റലിൽ വരാന്തയുടെ ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു ഞാൻ. കുറച്ച്
അപ്പുറത്തായി അച്ഛൻ നിൽപ്പുണ്ട്. ഞങ്ങൾക്ക് ഇടയിൽ ഒരു തൂണ് ഉള്ളതിനാൽ അച്ഛന് എന്നെ
പെട്ടെന്ന് കാണുവാൻ കഴിയില്ലായിരുന്നു.
അച്ഛന്റെ അടുത്തേക്ക് നടന്നുവന്ന ഇളയച്ഛൻ പറഞ്ഞു.
“നാളെ നേരം വെളിപ്പിക്കുമെന്ന് തോന്നുന്നില്ല.”
പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാൻ അവിടെ നിൽക്കുന്നത് അവർ കണ്ടത്. എന്റെ വിളറി വെളുത്ത
മുഖം കണ്ടിട്ടാകണം അവർ അവിടെ നിന്നും നടന്നു പോയി.
പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു. ദേവു ആയിരുന്നു.
ഞാൻ ഫോൺ എടുത്തപ്പോൾ അവൾ പറഞ്ഞു.
“ഹലോ..”
എനിക്കെന്തോ മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ മിണ്ടാഞ്ഞതിനാൽ ആണെന്ന്
തോന്നുന്നു അവൾ പറഞ്ഞു.
“നീ വിളിച്ചപ്പോൾ ഏട്ടൻ അടുത്തുണ്ടായിരുന്നു. ഞാൻ കാൾ എടുത്താൽ ഏട്ടന്
ഇഷ്ടപ്പെടില്ല, വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ടല്ലോ ഇന്ന് വിചാരിച്ചതാണ്
എടുക്കാഞ്ഞത്.”
“മായ്ക്ക് ഒരു ആക്സിഡന്റ് പറ്റി.”
അവൾ പെട്ടെന്ന് ചോദിച്ചു.
“എന്നിവൾക്ക് കുഴപ്പം വല്ലതും ഉണ്ടോ?”
ദേവിക തൊട്ടു മുൻപ് പറഞ്ഞ കാര്യം എന്റെ മനസിലൂടെ ഓടുകയായിരുന്നു അപ്പോൾ. ബിബിൻ കൂടെ
ഉള്ളതിനാലാണ് ഫോൺ എടുക്കാഞ്ഞതെന്ന്.
അവൾക്ക് വേണ്ടി ഞാൻ ചെയ്തിട്ടുള്ള കാര്യങ്ങൾ അവളുടെ സങ്കടം കേൾക്കാനായി ഞാൻ ഉറക്കം
ഒഴിഞ്ഞ ദിനങ്ങൾ എല്ലാം എന്റെ മനസ്സിൽ ഒറ്റ നിമിഷം കൊണ്ട് എത്തി.
“നിനക്ക് വേണ്ടി ഞാൻ എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് നിനക്കോർമ ഉണ്ടോ? നിന്റെ
വിഷമങ്ങൾ കേൾക്കാൻ എത്ര രാത്രി ഞാൻ ഉറക്കം ഒഴിഞ്ഞിട്ടുണ്ടെന്ന് നിനക്ക് അറിയാമോ?..
ഇതിനൊക്കെ പകരമായി ഞാൻ നിന്നോട് എന്തെങ്കിലും ആവിശ്യപെട്ടിട്ടുണ്ടോ.. ഞാൻ
ഇവിടിപ്പോൾ ഏത് അവസ്ഥയിൽ ആണ് നിൽക്കുന്നതെന്ന് നിനക്കറിയാമോ.. എനിക്ക് ഒരു വിഷമം
വന്നപ്പോൾ .. അത് സഹിക്കാനാകാതെ നിന്നെ വിളിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഹൃദയത്തിലെ
ഭാരമൊന്ന് ഇറക്കാമെന്ന് വച്ചപ്പോൾ എന്റെ കാൾ ഒന്ന് എടുക്കുവാൻ ഇന്നലെ പരിചയപ്പെട്ട
ഒരുത്തനെ പേടിക്കണം അവന്റെ അനുവാദം വേണം… എന്റെ ദേവു ഒരിക്കലും ഇങ്ങനെ
അല്ലായിരുന്നു, സ്വന്തം വ്യക്തിത്വവും സ്വതന്ത്രവും അവൾ ഒരിക്കലും മറ്റൊരാളുടെ
മുന്നിൽ അടിയറവു വയ്ക്കില്ലായിരുന്നു. എന്റെ ദേവു ചത്തു.. നീ മറ്റാരോ ആണ്.. എന്നെ
ജീവന് തുല്യം സ്നേഹിച്ച ഒരു പെണ്ണ് അകത്ത് മരണവും കാത്ത് കിടപ്പുണ്ട്. നിനക്ക്
വേണ്ടി ഞാൻ ചിലവാക്കിയ സമയത്തിന്റെ നൂറിൽ ഒന്ന് സമയം ഞാൻ എന്റെ മായ്ക്ക് വേണ്ടി
ചിലവാക്കി കാണില്ല.. പക്ഷെ നീ എന്നോട് കാണിച്ചിരുന്ന സ്നേഹത്തിന്റെ നൂറ് ഇരട്ടി മായ
എന്നെ സ്നേഹിച്ചിട്ടുണ്ട്. ഇനി അവളുടെ ഓർമ്മകൾ മതി എനിക്ക് ജീവിക്കാൻ, ഒരിക്കൽ
പോലും നീ എന്റെ മുന്നിലേക്ക് വന്ന് പോകരുത്.”
ദേവികയ്ക്ക് എന്തെങ്കിലും പറയുവാൻ സാധിക്കുന്നതിന് മുൻപ് ഞാൻ എന്റെ ഫോൺ തറയിലേക്ക്
വലിച്ചെറിഞ്ഞു.
മനസിലെ എന്തൊക്കെയോ ഭാരം ഒഴിഞ്ഞ് പോയതുപോലെ. കരഞ്ഞു.. എത്രനേരം കരഞ്ഞുവെന്ന്
എനിക്ക് പോലും അറിയില്ല.
ഞാൻ പിന്നെ ദേവികയെ അവസാനായി കാണുന്നത് മായയുടെ മരണ വീട്ടിൽ വച്ചാണ്.
മായയുടെ ശവ ശരീരത്തിനടുത്ത് ഇരുന്ന് തുണികൾ കൊണ്ട് മൂടി കെട്ടിയിരുന്ന അവളുടെ തലയിൽ
ഭാഗികമായി മാത്രം കാണാൻ കഴിയുന്ന അവളുടെ മുഖത്തേക്ക് നോക്കി ഇരിക്കുന്നതിനിടയിൽ
അറിയാതെ തല ഒന്ന് ഉയർത്തിയപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുന്ന ദേവികയെ കണ്ട്.
അപ്പോൾ തന്നെ ഞാൻ തല താഴ്ത്തി. ഞാൻ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാൽ
ആയിരിക്കും അവൾ എന്റെ അരികിലേക്ക് വന്നില്ല.
.
.
എല്ലാം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഞാൻ പിന്നെ ദേവികയെ വിളിക്കുകയോ
അവളെ കുറിച്ച് തിരക്കാനോ ശ്രമിച്ചിട്ടില്ല.
മായയുടെ മരണശേഷം ഒരു ആറു മാസം കഴിഞ്ഞപ്പോൾ ‘അമ്മ കല്യാണം എന്ന വിഷയം എടുത്തിട്ടു.
അന്നത്തെ എന്റെ പ്രതികരണം കണ്ടിട്ടാകും പിന്നെ ഇതുവരെ വീട്ടിൽ നിന്നും ആരും
കല്യാണത്തെ കുറിച്ച് സംസാരിച്ചിട്ടില്ല.
ബിസിനസ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. പക്ഷെ ജീവിതത്തിന് ഒരു
അർത്ഥമില്ലാത്ത പോലെ.
അങ്ങനെ ഇരിക്കെ ആണ് ഇന്നലെ അഞ്ജലി വിളിച്ചത്.ദേവികയെ കുറിച്ചായിരുന്നു അവൾക്ക്
പറയാനുണ്ടായിരുന്നത്.. കഴിഞ്ഞ ഒരു മാസത്തിനിടക്ക് അവൾ രണ്ട് തവണ ആത്മഹത്യാ ചെയ്യാൻ
ശ്രമിച്ചെന്ന്. ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.
അത് കേട്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ഡിഗ്രി ക്ലാസ്സിലേക്ക് ആദ്യ ദിവസം
കയറി ചെല്ലുമ്പോൾ കണ്ട പൊട്ടിച്ചിരിച്ച് കൊണ്ടിരിക്കുന്ന അവളുടെ മുഖം ആണ്.
മനസൊന്നു പിടച്ചു. ഞാൻ ഒരു വർഷക്കാലമായി അവളെ മറന്നിരിക്കുന്നു. ‘അമ്മ
മരിക്കുമ്പോഴും അവർക്കൊരു വിശ്വാസം ഉണ്ടായിരുന്നിരിക്കില്ലേ ഞാൻ ഉള്ളടിത്തോളം കാലം
അവൾക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ ഞാൻ ഓടി എത്തുമെന്ന്.
അവളുടെ ലൈഫിലെ ഓരോ കാല അളവിലും ഓരോരുത്തർ വന്നിറങ്ങി പോയി. പക്ഷെ ഒരിക്കൽ പോലും അവൾ
എന്നെ പൂർണമായും ഒഴുവാക്കിയിരുന്നില്ല. അവളെ കെട്ടുമെന്ന് അവൾ വിശ്വസിച്ചിരുന്ന
ബിബിൻ ഞാനുമായി ഇനി മിണ്ടരുതെന്ന് പറഞ്ഞിട്ടുപോലും സമയം കണ്ടെത്തി അവൾ എന്നോട്
സംസാരിക്കുമായിരുന്നു.. ഞാനല്ലേ അവസാനം അവൾ എന്റെ മുന്നിലേക്ക് വന്ന് പോകരുതെന്ന്
പറഞ്ഞ് ആട്ടി പായിച്ചത്.
ഞാൻ ഹോസ്പിറ്റലിന് മുന്നിൽ കാർ നിർത്തുമ്പോൾ അഞ്ജലി എന്നെയും കാത്ത് വെളിയിൽ തന്നെ
നിൽപ്പുണ്ടായിരുന്നു. അഞ്ജലിക്കൊപ്പം ഹോസ്പിറ്റലിന് അകത്തേക്ക് നടക്കുമ്പോൾ എന്റെ
ഹൃദയമിടുപ്പു ചെറുതായി കൂടി. ഒരു വർഷമായി യാതൊരു വിധ ബന്ധവും ഇല്ലാതിരുന്നിട്ട്
അവളെ ഇപ്പോൾ വീണ്ടും കാണുകയാണ്.
“നിന്നെ ഒരിക്കലും വിളിച്ച് വരുത്തരുതെന്ന് അവൾ പറഞ്ഞിരുന്നു. കാരണം നിന്നെ
അത്രയേറെ അവൾ വേദനിപ്പിച്ചിട്ടുണ്ടെന്ന്.”
ഞാൻ ചെറുതായി പുഞ്ചിരിച്ചു.
റൂമിനു മുന്നിൽ എത്തിയപ്പോൾ അവൾ പറഞ്ഞു.
“ഇപ്പോൾ പേടിക്കാനൊന്നും ഇല്ല, നാളെ ഡിസ്ചാർജ് ആകും.. നിന്നോട് സംസാരിക്കുമ്പോൾ
തന്നെ അവളുടെ പാതി പ്രശ്നങ്ങൾ മാറും.”
ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി.അഞ്ജലി പുറത്തു തന്നെ നിന്നതേ ഉള്ളു.
ദേവിക ബെഡിൽ ഇരുന്നു ചാനലിലെ അഴികളിൽ മുഖം ചേർത്ത് പുറത്തെ കാഴ്ചകൾ
കാണുകയായിരുന്നു. ഞാൻ അകത്തേക്ക് കയറിയത് അവൾ അറിഞ്ഞിട്ടില്ല.
ഞാൻ അവൽക്കരികിലേക്ക് ചെന്ന് കൈയിലെ മുറുവിലെ കെട്ടിൽ പിടിച്ച് കൊണ്ട് വിളിച്ചു.
“ദേവു..”
അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു. കുറച്ച് നേരത്തേക്ക് എന്റെ മുഖത്ത് നോക്കിയ ശേഷം
അവൾ പറഞ്ഞു.
“നീ വരുമെന്ന് എനിക്കറിയാമായിരുന്നു.. പക്ഷെ നീ വരരുതെന്ന് ഞാൻ മനസുകൊണ്ട്
ആഗ്രഹിച്ചു.”
അവളുടെ അലക്ഷ്യമായി കിടന്ന മുടിയിൽ ഞാൻ തലോടി.
“വീണ്ടും എന്റെ മുന്നിൽ തല കുനിച്ചിരിക്കാൻ വയ്യാത്തത് കൊണ്ടാണോ ഞാൻ വരരുതെന്ന് നീ
ആഗ്രഹിച്ചത്.”
അവൾ തല താഴ്ത്തി.
അവളുടെ കവിളിൽ പിടിച്ച് തല ഉയർത്തികൊണ്ട് ഞാൻ ചോദിച്ചു.
“ഇപ്പോൾ ഇങ്ങനെ ചെയ്യാൻ എന്താ ഉണ്ടായത്?”
“ബിബിന്റെ കാര്യത്തിലും നീ തന്നായിരുന്നു ശരി.”
“എന്തുണ്ടായി?”
“അവൻ എന്നോട് സെക്സ് ചെയ്യണമെന്ന് ആവിശ്യപെടുമായിരുന്നു. പക്ഷെ ഞാൻ അപ്പോഴൊക്കെ
ഒഴിഞ്ഞു മാറി. അവൻ കൂടുതൽ നിർബന്ധിച്ചപ്പോൾ ഞാൻ തീർത്തു പറഞ്ഞു കല്യാണത്തിന് ശേഷമേ
അത് നടക്കുള്ളെന്ന്.. അതിന് ശേഷം അവൻ എന്നോട് ചെറുതായി അകൽച്ച കാണിച്ച്
തുടങ്ങി..ഞാൻ അത് സമ്മതിക്കാത്തതിന്റെ പിണക്കമാണെന്ന് കരുതി ഞാൻ അത് മൈൻഡ്
ചെയ്തില്ല. പിന്നീട് അഞ്ജലി പറഞ്ഞാണ് ഞാൻ അറിഞ്ഞത് അവൻ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ
കൊടുത്തിരിക്കയാണെന്ന്. ഞാൻ അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എന്റെ കാര്യം
അവൻ വീട്ടിൽ അവതരിപ്പിച്ചു.. ഒരു രണ്ടാംകെട്ടുകാരിയെ അവന്റെ വീട്ടിൽ ആരും
അംഗീകരിക്കില്ലെന്ന് പറഞ്ഞെന്ന്. മാത്രമല്ല മറ്റൊരുത്തന്റെ കൂടെ കിടന്നവളെ ആണല്ലോ
ഭാര്യ ആക്കാൻ പോകുന്നതെന്നൊരു തോന്നൽ അവനും ഇടക്കിടെ ഉണ്ടാകാറുണ്ടെന്ന്. അതുകൊണ്ട്
എല്ലാം അവസാനിപ്പിച്ച് പോകാനാണ് സ്ഥലം മാറ്റത്തിന് അപേക്ഷിച്ചതെന്ന്.”
ഞാൻ ആ ബെഡിലേക്ക് ഇരുന്നു.
“അവനും ആവിശ്യം എന്റെ ശരീരം മാത്രം ആയിരുന്നെടാ.. ആ അവന് വേണ്ടിയാണ് ഞാൻ നിന്നെ
തള്ളിപ്പറഞ്ഞത്.എന്നിട്ടും നീ എന്തിനാ വീണ്ടും എന്റടുത്തേക്ക് വന്നത്.. നീ പോ,
അല്ലെങ്കിൽ ഞാൻ ഇനിയും നിന്നെ വേദനിപ്പിക്കും.”
“നീ എന്നെ എത്രയൊക്കെ വേദനിപ്പിച്ചാലും നീ എന്റെ കൂട്ടുകാരി തന്നല്ലേ?… ഞാൻ നിനക്ക്
വാക്ക് തന്നിട്ടുള്ളത് അല്ലെ എന്നും ഞാൻ നിന്റെ കൂടെ കാണുമെന്ന്.”
അവൾ ബെഡിൽ നിന്നും കാല് പുറത്തേക്കിട്ട് എന്റെ തോളിൽ തല ചായ്ച്ച് വച്ചിരുന്നു.
“ഇങ്ങനെ ഒന്നിരിക്കുവാൻ ഞാൻ എത്ര നാളായി കൊതിക്കുന്നു എന്നറിയാമോ? ബിബിൻ എന്നെ
വിട്ട് പോയ ശേഷം ഞാൻ ആകെ ഒറ്റപ്പെട്ട് പോയി. അമ്മയില്ല, നീയില്ല.. എന്തിനാ ഇങ്ങനെ
ജീവിക്കുന്നതെന്ന് തോന്നിപോയി.അതാ ഞാൻ..”
ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ട് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു.
“മായ്ക്ക് ആക്സിഡന്റ് പറ്റിയ അന്ന് നീ എന്നെ വിളിച്ചപ്പോൾ നിന്റെ അവസ്ഥ
എന്തായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. ചുമ്മാ വിശേഷങ്ങൾ
തിരക്കാനായിരിക്കുമെന്നാണ് ഞാൻ കരുതിയത്, അതാ ഫോൺ എടുക്കാഞ്ഞത്.. നീ ആദ്യമായി ഞാൻ
ഇനി നിന്റെ മുന്നിലേക്ക് വന്ന് പോകരുതെന്ന് പറഞ്ഞ ദിവസം, എനിക്ക് നിന്നെ
നഷ്ട്ടപെട്ട ദിവസം.. ആ ദിവസത്തെ ഓർത്ത് ഞാൻ എത്ര നാൾ കരഞ്ഞിട്ടുണ്ടെന്ന് അറിയാമോ?
നിന്റെ ഒരു ഫോൺ കാൾ പ്രധീക്ഷിച്ച് എത്ര ദിവസങ്ങൾ ഞാൻ കാത്തിരുന്നു.”
“അതൊക്കെ കഴിഞ്ഞ് പോയ കാര്യങ്ങളല്ലേ.. അതൊന്നും ഇനി ചിന്തിച്ചിട്ട് ഇനി യാതൊരു
ഫലവുമില്ല, നമുക്കിനി ഭാവിയെ കുറിച്ച് ചിന്തിക്കാം. എന്താ നിന്റെ ഇനിയുള്ള പ്ലാൻ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“എനിക്കിനി പ്രതേകിച്ച് ഒരു പ്ലാനും ഇല്ല.. നീ എന്ത് പറയുന്നു, അത് മാത്രം
അനുസരിക്കുക എന്നതാണ് എന്റെ ഇനിയുള്ള പ്ലാൻ.”
ഞാൻ കുറച്ച് നേരം ആലോചിച്ച ശേഷം പറഞ്ഞു.
“എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ?”
“എന്താ?”
“എന്റെയിൽ ഇപ്പോൾ അത്യാവിശ്യം കുറച്ച് പൈസ ഉണ്ട്, നിന്റെയിലും കുറച്ച് കാണുമല്ലോ..”
അവൾ എന്റെ മുഖത്തേക്ക് നോക്കി.
“എനിക്കും നിനക്കും ഒരു സ്വപ്നം ഉണ്ടായിരുന്നു. ഒരുപാട് യാത്ര ചെയ്യുക എന്നൊരു
സ്വപനം. നമുക്ക് അതിന്റെ ആദ്യ ചുവടായി നാളെ ഒരു യാത്ര പോയല്ലോ.”
അവൾ കുറച്ച് നേരം എന്റെ മുഖത്തേക്ക് നോക്കി, എന്നിട്ട് ബെഡിൽ നിന്നും എഴുന്നേറ്റു.
ഞാൻ അവളുടെ കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു.
“ഇവിടെ പോകുന്നു?”
“അഞ്ജലിയുടെ അടുത്തേക്ക്.”
“എന്തിന്?”
“ഹോസ്റ്റലിൽ നിന്നും എന്റെ കുറച്ച് ഡ്രസ്സ് ബാഗിലാക്കി കൊണ്ടുവരാൻ പറയാൻ.”
അറിയാതെ തന്നെ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
.
.
രാത്രി ഹോസ്പിറ്റലിലെ ബെഡിൽ ഗാഢമായ ഉറക്കത്തിൽ കിടക്കുന്ന ദേവുവിനെ ഞാൻ നോക്കി.
ഒന്നിനെ കുറിച്ചും ചിന്തിക്കാതെ ഉള്ള സുഖ നിദ്രയിലാണ് അവൾ. അവളുടെ മുടിയുടെ ഞാൻ കൈ
ഓടിച്ചു.
‘നാളെ ഞങ്ങൾ ഒരു യാത്ര പോകുവാണ്.. എനിക്കറിയാം, ഈ യാത്രക്ക് ശേഷം അവളുടെ ജീവിതത്തിൽ
പുതിയ പുതിയ കഥാപാത്രങ്ങൾ കടന്നു വരാം.. പുതിയ പ്രശ്നങ്ങളിലേക്ക് അവൾ വഴുതി
വീഴാം..ജീവിതത്തിൽ നിന്നും പാഠങ്ങൾ പഠിച്ചെടുക്കുവാൻ കഴിയാത്ത ഒരു പെൺകുട്ടി ആണ്
എന്റെ ദേവു. പക്ഷെ അവളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ അവളുടെ കൂടെ കാണും.. കാരണം…
ദേവു എന്റെ കൂട്ടുകാരി ആണ്.
അവസാനിച്ചു …

[നമ്മുടെ സൗഹൃദത്തെ ഒരിക്കൽ പോലും തെറ്റായ രീതിയിൽ കാണാതിരുന്ന നിന്റെ അമ്മയാണ്
ദൈവം നിനക്ക് നൽകിയ ഏറ്റവും വലിയ ഭാഗ്യം ദേവു.] (ഒരു യാത്രക്കിടയിൽ രണ്ട് ദിവസം
കൊണ്ട് എഴുതി പൂർത്തിയാക്കിയ കഥ ആണിത്. അതിനാൽ തന്നെ പല രംഗങ്ങൾക്കും ഒരു പൂർണത
വരുത്താൻ എനിക്കായില്ല.
എന്റെ ഉള്ളിൽ പതിഞ്ഞു കിടന്ന ചില രംഗങ്ങളും സംഭാഷങ്ങളും ഇവിടേക്ക് പകർത്തുക
മാത്രമാണ് ഞാൻ ചെയ്തത്. അതുകൊണ്ട് തന്നെ പലർക്കും ഇത് ഇഷ്ട്ടപെട്ടു കാണുകയില്ല..
എന്ത് തന്നെയായാലും നിങ്ങളുടെ അഭിപ്രായങ്ങൾ എന്നെ അറിയിക്കണം. സ്നേഹത്തോടെ

Leave a Reply

Your email address will not be published.