ഞാൻ ദേവിക 3

ഞാൻ ദേവിക 3
Njan Devika- 3 | Previous Part


അവൾ ആഡിറ്റോറിയത്തിൽ നിന്നും കാറിലേക്ക് കയറുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. ആരും കാണാതെ പെട്ടെന്ന് തന്നെ ഞാനത് തുടച്ച് മാറ്റി. പക്ഷെ ഏത് സമയവും വാലുപോല എന്റെ കൂടെ ഉണ്ടായിരുന്ന മായ അത് കണ്ടിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ വിരലുകൾ എന്റെ കൈയിൽ മുറുകി. ആ നിമിഷങ്ങളിൽ കാറിൽ കയറുന്നതിനു മുൻപായി ദേവു വന്നെന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി. പക്ഷെ അതിന് കഴിയില്ലെന്ന് എനിക്കും ദേവുവിനും നന്നായി അറിയാം. കാരണം എല്ലാപേർക്കും മുന്നിൽ
ഞങ്ങൾ വെറും കൂട്ടുകാർ മാത്രമാണ്. അവളങ്ങനെ ചെയ്താൽ അതവിടെ പല ചോദ്യങ്ങൾക്കും വഴിയൊരുക്കും. പക്ഷെ കാറിൽ കയറുന്നതിന് തൊട്ടുമുൻപായി അവൾ എന്നെയൊന്ന് നോക്കി. ആ കണ്ണുകളിൽ എന്നോടുള്ള യാത്ര പറച്ചിൽ സ്നേഹം എല്ലാം ഉണ്ടായിരുന്നു.

അവൾ പോയി കഴിഞ്ഞപ്പോൾ എല്ലാപേരും പല വഴിക്കായി പിരിഞ്ഞു. ഞാൻ ചുമ്മാ കാർ പോയ വഴിയിലേക്ക് നോക്കി നിന്നു. പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു ശബ്‌ദം.

“കൂട്ടുകാരി പോയതിന്റെ വിഷമത്തിൽ നിൽക്കയാണോ?”

തിരിഞ്ഞ് നോക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അഞ്ജലി നിൽക്കുന്നു. ഞാനും മുഖത്ത് ഒരു
പുഞ്ചിരി വരുത്തി. എന്റെ കൂടെ തന്നെ നിൽക്കുന്ന മായയെ നോക്കി അവൾ ചോദിച്ചു.

“ഇവൾ ഇപ്പോഴും വാലുപോലെ നിന്റെ കൂടെ തന്നെ ഉണ്ടോ?”

മായയുടെ മുഖത്തു നാണയത്തിൽ കലർന്ന ഒരു ചിരി വിടർന്നു.
“മായയുടെ കല്യാണം ഒന്നും ആയില്ലേ?”
അതിനുള്ള മറുപടി ഞാൻ ആണ് പറഞ്ഞത്.
“വരുന്ന ആലോചനകൾ എല്ലാം അവൾ ഇപ്പോൾ കല്യാണം വേണ്ട എന്നും പറഞ്ഞ് മുടക്കുകയാണ്.”
അഞ്ജലി എന്നോടായി ചോദിച്ചു.
“എനിക്കൊരു സഹായം ചെയ്യുമോ?”
“എന്താ?”
“എനിക്കിവിടെ നിന്നും ട്രിവാൻഡ്രം പോകണം.. എന്നെയൊന്ന് ബൈക്കിൽ റെയിൽവേ സ്റ്റേഷനിൽ
ആക്കി തരുമോ?”
അവളുടെ ആ ആവിശ്യം എന്നെ സത്യത്തിൽ ഞെട്ടിച്ചു. ഞാൻ ഒരുകാലത്ത് ഒരുപാട് സ്വപ്നം
കണ്ടതായിരുന്നു അഞ്ജലിയെയും ബൈക്കിനു പിന്നിൽ ഇരുത്തി ഒരു യാത്ര. മായയ്ക്കും അത്
അറിയാവുന്നതാണ്.
ഞാൻ മായയുടെ മുഖത്തേക്കൊന്ന് നോക്കി. അവളുടെ മുഖത്തും ചെറിയൊരു അത്ഭുതം ഉണ്ട്.
“ബുദ്ധിമുട്ടാണെങ്കിൽ വേണ്ട.”
ഞാൻ പെട്ടെന്ന് തന്നെ പറഞ്ഞു.
“ഏയ്.. ഞാൻ കൊണ്ടാക്കാം.”
അഞ്ജലിയുമൊത്ത് ബൈക്കിനടുത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ മായയെ ഒന്ന് തിരിഞ്ഞ്
നോക്കി. അവളുടെ മുഖം മ്ലാനമായിയ്ക്കുന്നത് ഞാൻ കണ്ടു. ഞാൻ നോക്കുന്നു എന്ന്
മനസിലായപ്പോൾ അവൾ മുഖത്തേക്ക് ഒരു പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചു.
ഒരു ചുവന്ന സാരി ആയിരുന്നു അഞ്ജലി ധരിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവൾ ബൈക്കിൽ വൺ
സൈഡ് ആയിട്ടാണ് ഇരുന്നത്. ബൈക്ക് റോഡിലെ ഒരു കുഴിയിലേക്ക് ഇറങ്ങിയപ്പോൾ അവൾ ഒരു കൈ
എന്റെ തോളിലേക്ക് വച്ചു. പിന്നെ അതവൾ എടുത്ത് മാറ്റിയതും ഇല്ല.
എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“കല്യാണം ഒന്നും നോക്കുന്നില്ല?”
“ആലോചനകൾ വരുന്നുണ്ട്. നല്ലത് വല്ലോം ഒത്തുവന്നാൽ നടത്തും.”
ആ വാക്കുകൾ എന്നെ ചെറുതായി വേദനിപ്പിച്ചോ.. അറിയില്ല.
അവൾ പിന്നും എന്നോട് ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു. ഇത് പഴയ മിണ്ടാപൂച്ചയായ
അഞ്ജലി ഇല്ലെന്നു ഞാൻ നല്ലപോലെ മനസിലാക്കി ആ സമയങ്ങളിൽ.
പെട്ടെന്നാണ് നിനച്ചിരിക്കാതെ മഴ പെയ്തത്.
“മഴ ഉറയ്ക്കുമെന്നാണ് തോന്നുന്നത്. വഴിയിൽ എവിടെയെങ്കിലും നിർത്തണോ?’
അവൾ പെട്ടെന്ന് തന്നെ പറഞ്ഞു.
“വേണ്ട.. ട്രെയിൻ മിസ് ആകും.”
ആ നിമിഷങ്ങൾ ദൈവം എനിക്ക് കനിഞ്ഞ് നൽകിയതാണെന്ന് തോന്നിപ്പോയി.
ഒരിക്കൽ മനസ് കൊണ്ട് ആഗ്രഹിച്ച പെണ്ണ് കോരിച്ചൊരിയുന്ന മഴയിൽ എന്റെ ബൈക്കിന്
പിറകിലായി യാത്ര ചെയ്യുന്നു.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അവൾ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചാണ് അകത്തേക്ക്
കയറി പോയത്.
അന്ന് തന്നെ ഈ കാര്യം ഞാൻ ദേവുവിനെ വിളിച്ച് പറഞ്ഞു.
രാത്രി മായയെ വിളിച്ചപ്പോൾ അവൾ ചോദിച്ചു.
“ഇന്ന് ചേട്ടന് ഒരുപാട് സന്തോഷമായി കാണുമല്ലോ.”
ആ സ്വരത്തിൽ ഒരു നൊമ്പരം നിറഞ്ഞിരുന്നതായി എനിക്ക് തോന്നി. അന്നവൾ അധികം
സംസാരിക്കാതെ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്യുകയും ചെയ്തു.
കല്യാണം കഴിഞ്ഞ് ഒരുമാസം മാത്രമാണ് രാജീവും ദേവികയും ഒരുമിച്ചുണ്ടായിരുന്നത്.
അപ്പോഴേക്കും അവൾ ജോലിക്കായി ചെന്നൈയിൽ തിരികെ പോയി. ഇപ്പോൾ അവൾ ചെന്നൈയിലേക്ക്
തിരികെ പോയിട്ട് ആറുമാസത്തോളം ആകുന്നു. പഴയ പോലെ വലിയ ഫോൺ വിളിയൊന്നും ഞങ്ങൾ തമ്മിൽ
ഇല്ല. എങ്കിലും വിളിക്കുന്ന സമയം ഒരുപാട് വിശേഷങ്ങൾ സംസാരിക്കും. കല്യാണം കഴിഞ്ഞ്
കുടുംബ ജീവിധമൊക്കെ ആകുമ്പോൾ ഞാനും അവളും തമ്മിൽ ചെറിയൊരു അകൽച്ച ഉണ്ടാകുമെന്ന്
പണ്ടേ ഞാൻ കണക്ക് കൂട്ടിയിരുന്നു.
അവളുടെ അമ്മയെ ഞാൻ ഇടക്കിടക്ക് പോയി കാണാറുണ്ട്. എന്നെ കാണുന്നത് ഒരു സന്തോഷമാണ്
അമ്മയ്ക്ക്. ചെറിയ ചെറിയ അവശതകൾ അവരെ അലട്ടി തുടങ്ങിയിരുന്നു.
അന്നൊരു ദിവസം രാത്രി ഞാൻ വരാന്തയിൽ ഇരുന്ന് മഴ ആസ്വദിക്കുകയായിരുന്നു. രാത്രി
എട്ടു മണിയോളം ആയി കാണും. ഇടിയും മിന്നലും നിറഞ്ഞ കോരിച്ചൊഴിയുന്ന മഴ.
പെട്ടെന്ന് വന്ന ഒരു മിന്നലിന്റെ വെളിച്ചത്തിൽ ഗേറ്റിനു വെളിയിൽ ആരോ നിൽക്കുന്നതായി
തോന്നി. ആദ്യം ഒരു തോന്നലായി കരുതിയെങ്കിലും തൊട്ട് പിന്നാലെ വന്ന മറ്റൊരു
മിന്നലിന്റെ വെളിച്ചത്തിൽ ആ രൂപത്തെ ഞാൻ വീണ്ടും അവിടെ കണ്ടു.
“‘അമ്മാ ഒരു കുട ഇങ്ങെടുത്തേ.. വെളിയിൽ ആരോ നിൽപ്പുണ്ട്.”
‘അമ്മ പെട്ടെന്ന് തന്നെ ഒരു കുടയുമായി അവിടേക്ക് വന്ന്. ഞാൻ കുടയും ചൂടി
ഗേറ്റിനടുത്തേക്ക് നടന്നപ്പോൾ അച്ഛൻ ഗേറ്റിനടുത്തേക്ക് ടോർച്ച് അടിച്ച് തന്നു.
ഗേറ്റിനടുത് എത്തിയ ഞാൻ അതിന്റെ അഴികളിൽ കൂടി സൂക്ഷിച്ച് നോക്കിയപ്പോൾ കണ്ടത് ഒരു
വെള്ള ചുരിദാറിൽ മഴയിൽ നനഞ്ഞ് കുളിച്ച് നിൽക്കുന്ന ദേവുവിനെ ആണ്. കൈയിൽ ഒരു ബാഗും
ഉണ്ട്.
എനിക്ക് അദ്‌ഭുതം ആയിരുന്നു. ഇവളെന്താ ഒറ്റക്ക് അതും ഈ രാത്രിയിൽ ഇവിടെ.
“ദേവു നീ എന്താ ഇവിടെ?”
അവൾ ഒന്നും മിണ്ടിയില്ല.. ഒന്ന് അനങ്ങിയത് പോലും ഇല്ല.
എന്തോ പ്രശ്നം ഉണ്ടെന്ന് എന്റെ മനസ് പറഞ്ഞു. ഞാൻ ഗേറ്റ് തുറന്ന് അവളുടെ കൈയും
പിടിച്ച് വീടിനകത്തേക്ക് നടന്നു.
അവളെ ആ സമയത് കണ്ടതിൽ അച്ഛന്റെയും അമ്മയുടെയും മുഖത്ത് അദ്‌ഭുതം ആയിരുന്നു.
“മോളെന്താ ഇവിടെ?”
അച്ഛന്റെ ചോദ്യത്തിന് അവളിൽ നിന്നും മറുപടി ഒന്നും ഇല്ലെന്ന് കണ്ട ‘അമ്മ അകത്തേക്ക്
പോയി ഒരു തോർത്തുമായി വന്നു.
“മോള് ആദ്യം തല തോർത്ത്.”
അവൾക്ക് അനക്കമൊന്നും ഇല്ല. ഞാൻ അവളുടെ മുഖത്തു സൂക്ഷിച്ച് നോക്കി. ആ കവിളിൽ കൂടി
മഴത്തുള്ളികൾക്കൊപ്പം കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നോ?
അമ്മയ്ക്കും അത് മനസിലായി.
ഞാൻ അമ്മയുടെ കൈയിൽ നിന്നും തോർത്ത് വാങ്ങി അവളുടെ കൈയും പിടിച്ച് റൂമിലേക്ക്
നടന്നു.
റൂമിലെത്തി ഞാൻ അവളുടെ ബാഗ് വാങ്ങി താഴെ വച്ച ശേഷം അവളെ എന്നിലേക്ക് അടുപ്പിച്ച് തല
തോർത്തി കൊടുത്തു. അവളുടെ കണ്ണുനീരിന് അപ്പോഴും ഒരു ശമനം ഉണ്ടായിരുന്നില്ല.
“എന്താ ദേവു ഉണ്ടായത്?”
ഒരു പൊട്ടിക്കരച്ചിലിലൂടെ അവൾ പറഞ്ഞു.
“എന്റെ ജീവിതം ഇല്ലാതായെടാ.”
“എന്താ ഉണ്ടായതെന്ന് പറ നീ.”
“ഓഫീസിൽ നിന്നും ഒരാഴ്ചത്തെ അവധി കിട്ടിയപ്പോൾ രാജീവേട്ടന് ഒരു സർപ്രൈസ്‌ കൊടുക്കാൻ
ആരോടും പറയാതെ സന്തോഷത്തോടെ വീട്ടിലേക്ക് വന്നതാണ് ഞാൻ. പക്ഷെ വീട്ടിലേക്കെത്തിയ
ഞാൻ കണ്ടത് ഒരു പെണ്ണിനോടൊപ്പം കിടക്ക പങ്കിടുന്ന ഏട്ടനെ ആണ്.”
എനിക്ക് കാര്യം മനസിലായി. കിട്ടിയ അവസരത്തിൽ ഭർത്താവിനെ കാണാൻ ഓടിയെത്തിയ അവളെ
കാത്തിരുന്നത് ഒരു പെണ്ണിനോടൊപ്പം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ നിൽക്കുന്ന
രാജീവിനെ ആണ്. പരസ്ത്രീ ബന്ധം.
എനിക്കവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. ഈ ഒരു സാഹചര്യത്തിൽ
എന്ത് പറഞ്ഞിട്ടും കാര്യമില്ല.
ഞാൻ അമ്മയോട് പോയി കാര്യം പറഞ്ഞു. അമ്മയ്ക്കും അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം
എന്ന് അറിയില്ലായിരുന്നു. എങ്കിലും ‘അമ്മ അവളെ അമ്മയുടെ മുറിയിലേക്ക് കൂട്ടികൊണ്ട്
പോയി. ആ രാത്രി മൊത്തം ആ മുറിയിൽ നിന്നും ഉയരുന്ന തേങ്ങൽ എനിക്ക്
കേൾക്കാമായിരുന്നു.
.
.
മായയോടൊപ്പം ക്ഷേത്രത്തിൽ നിന്നും തൊഴുത് ഇറങ്ങി വരുകയായിരുന്നു ഞാൻ. ഒരുപാട്
നാളായി അവൾ എന്നോട് പറയുന്നതായിരുന്നു മണ്ണാറശാല ക്ഷേത്രത്തിൽ കൊണ്ട് പോകണമെന്ന്.
ഇന്ന് എന്തായാലും ഞാൻ അത് സാധിച്ചു കൊടുത്തു.
പെട്ടെന്നാണ് ദേവുവിന്റെ ഫോൺ കാൾ എന്നെ തേടിയെത്തിയത്.
ഞാൻ ഫോൺ എടുത്തുടൻ അവൾ എന്നോട് പറഞ്ഞു.
“അവസാനം ഞാൻ രാജീവിന്റെ ഭാര്യ അല്ലാതെ ആയിരിക്കുന്നെടാ.. ഇന്ന് എനിക്ക് ഡിവോഴ്സ്
അനുവദിച്ചു.”
ഒരു വർഷത്തോളം കോടതിയിൽ കയറി ഇറങ്ങി അവസാനം അവൾ അത് നേടി എടുത്തിരിക്കുന്നു.
കോടതിയിൽ പോകാനായി മാത്രം അവൾ എത്ര തവണ ചെന്നൈയിൽ നിന്നും വന്ന് പോയിരിക്കുന്നു.
അവൾക്ക് ഒരു വാശി തന്നെ ആയിരുന്നു അയാളിൽ നിന്നും വേർപിരിയാണെമെന്ന്.
അവൾക്ക് ഇനി രാജീവിനൊപ്പം ജീവിക്കാനാകില്ലെന്ന് അറിയിച്ചപ്പോൾ അവളുടെ അമ്മയും
ഡിവോഴ്‌സിനോട് അനുകൂലിക്കുകയായിരുന്നു. ഈ ഒരു വർഷത്തിനിടയിൽ എത്രയോ അർദ്ധ
രാത്രികളിൽ അവളുടെ ഫോൺ കാളുകൾ എന്നെ തേടിയെത്തി..അന്നെല്ലാം അവളുടെ
പൊട്ടിക്കരച്ചിലുകൾക്കും മനസിലെ സങ്കടങ്ങൾക്കും ഞാൻ കേൾവിക്കാരനായി.
എനിക്കറിയാമായിരുന്നു അവളുടെ മനസിലെ വിഷമങ്ങൾ പറഞ്ഞ് ഒന്ന് കരയുവാൻ അവളുടെ അമ്മയും
ഞാനുമല്ലാതെ അവൾക്ക് വേറെ ആരും ഇല്ലെന്ന്. എന്നാൽ ആകുന്ന വിധം ആ ദിവസങ്ങളിൽ ഞാൻ
അവളെ ആശ്വസിപ്പിച്ചു മനസിന് ബലമേകാൻ ശ്രമിച്ചിരുന്നു.
ഫോൺ വച്ച് കഴിഞ്ഞപ്പോൾ മായ എന്നെ നോക്കി എന്താ എന്ന അർത്ഥത്തിൽ.
“ദേവുവിന് ഡിവോഴ്സ് കിട്ടി.”
“അപ്പോൾ ഇനി ചേച്ചിക്ക് നല്ലൊരു ചെക്കനെ നോക്കി വേറൊരു കല്യാണം നടത്താമല്ലോ.”
അല്പം നിരാശ എന്റെ സ്വരത്തിൽ നിറഞ്ഞിരുന്നു.
“ഞാനും അമ്മയും വേറെ ഒരു കല്യാണത്തിനെ കുറിച്ച് അവളോട് ഒരുപാട് സംസാരിച്ചതാണ്..
അവൾക്ക് ഇനിയൊരു കല്യാണമേ വേണ്ട എന്നും പറഞ്ഞ് നിൽക്കെയാണ്.”
“അതൊക്കെ ചേച്ചി ഇപ്പോഴത്തെ ഒരു മാനസികാവസ്ഥയിൽ പറയുന്നതാണ്. അതൊക്കെ പതുക്കെ
മാറിക്കൊള്ളും.”
അപ്പോഴേക്കും ഞങ്ങൾ കാറിനടുത്ത് എത്തിയിരുന്നു. കാറിനുള്ളിലേക്ക് കയറി ഇരുന്ന മായയെ
ഞാൻ ഒന്ന് ശ്രദ്ധിച്ചു.
നീല കളർ പട്ടു സാരി ആണ് അവൾ ഉടുത്തിരുന്നത്. അതവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്.
തിങ്ങിനിറഞ്ഞ നീളമുള്ള മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. വെളുത്ത് സുന്ദരമായ മുഖത്തെ
നെറ്റിയിൽ ചന്ദനം തൊട്ടിരിക്കുന്നത് അവളുടെ ഐശ്വര്യം ഇരട്ടി ആക്കി.
അവൾ പെട്ടെന്ന് എന്നോട് ചോദിച്ചു.
“എന്താ എങ്ങനെ നോക്കുന്നത്?”
ഞാൻ കാറ് മുന്നോട്ടെടുക്കുന്നതിനിടയിൽ പറഞ്ഞു.
“അമ്മാവൻ എന്നോട് ഒരു കാര്യം നിന്നോട് ചോദിക്കാൻ പറഞ്ഞു.”
അവൾ ആകാംഷയോടെ ചോദിച്ചു.
“എന്ത്?”
“നീ എന്തിനാ വരുന്ന കല്യാണമെല്ലാം മുടക്കുന്നത്?”
അവൾ ആലോചിക്കാൻ സമയം എടുക്കാതെ പറഞ്ഞു.
“എനിക്കിപ്പോൾ കല്യാണം വേണ്ട എന്ന് തോന്നിയിട്ട്.”
“നിന്റെ കൂടെ പഠിച്ചവരുടെയൊക്കെ കല്യാണം കഴിഞ്ഞു.”
“എല്ലാപേരുടെയും കഴിഞ്ഞിട്ടില്ലല്ലോ.”
“മായ.. എന്നോട് സത്യം പറ.. നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?”
അവൾ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
“ഞാൻ ഈ കല്യാണം മുടക്കുന്നത് എന്തിനാണെന്ന് അറിയണമെങ്കിൽ ചേട്ടൻ ഞാൻ
ചോദിക്കുന്നതിനു ഉത്തരം തരണം.”
എന്താ അവൾ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല.
“എന്താ.. നീ ചോദിക്ക്.”
“ചേട്ടന്റെ മനസ്സിൽ എപ്പോഴും അഞ്ജലി ചേച്ചിയെ കല്യാണം കഴിക്കാം എന്നുള്ള പ്രതീക്ഷ
ഉണ്ടോ?”
അവളുടെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.
“ഇന്നലെ കൂടി അവൾ എന്നെ വിളിച്ച് പറഞ്ഞതെ ഉള്ളു വരുന്ന മാർച്ചിൽ അവളുടെ കല്യാണം
ആണെന്ന്.”
അത് കേട്ടപ്പോൾ മായയുടെ മുഖമൊന്ന് പ്രകാശിച്ചു.
“അപ്പോൾ ചേട്ടന് അഞ്ജലി ചേച്ചിയെ കല്യാണം കഴിക്കണം എന്നുള്ള ആഗ്രഹം ഇല്ലേ?”
“ഇല്ല..”
അവൾ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.
“എങ്കിൽ ഞാൻ ഒരു സത്യം പറയാം. എനിക്ക് ചേട്ടനെ ഇഷ്ട്ടമാണ്.. അതുകൊണ്ടാണ് ഞാൻ
എനിക്ക് വരുന്ന കല്യാണം മുടക്കിയിരുന്നത്.”
അവളുടെ ചില വാക്കുകളിലും പ്രവർത്തികളിലും എനിക്കത് ചിലപ്പോഴൊക്കെ
തോന്നിയിരുന്നെങ്കിലും അതെന്റെ ഒരു തോന്നൽ മാത്രമായിരിക്കും എന്ന് കരുതി
ഇരിക്കുകയായിരുന്നു ഞാൻ.
“ഇന്ന് ഞാൻ എന്റെ അച്ഛനോട് ഈ ഇഷ്ട്ടതിനെ കുറിച്ച് പറയും.. അച്ഛൻ എതിർക്കില്ല
എന്നാണ് എന്റെ പ്രതീക്ഷ, അച്ഛൻ ചേട്ടനോട് സംസാരിക്കുമ്പോൾ ആലോചിച്ച് ഒരു ഉത്തരം
പറഞ്ഞാൽ മതി.. ഞാൻ ഒരിക്കലും ചേട്ടൻ എന്നെ തന്നെ കല്യാണം കഴിക്കണം എന്ന് വാശി
പിടിക്കതൊന്നും ഇല്ല.”
എനിക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.. ഞാൻ ഒരിക്കൽ പോലും
അവളെക്കുറിച്ച് ആ ഒരു രീതിയിൽ ചിന്തിച്ചിരുന്നില്ല എന്നതായിരുന്നു സത്യം.
അവളുടെ വീടെത്തുവോളം ഞാൻ നിശബ്തനായിരുന്നു. അവളും ഒന്നും മിണ്ടിയില്ല. വീടെത്തി
കാറിൽ നിന്നും ഇറങ്ങുമ്പോൾ ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
“ചേട്ടൻ ഇതിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കയൊന്നും വേണ്ട. നല്ലപോലെ ചിന്തിച്ച്
ഒരു തീരുമാനത്തിൽ എത്തിയാൽ മതി. ചേട്ടന് എന്നെ കല്യാണം കഴിക്കാൻ താല്പര്യം
ഇല്ലെങ്കിൽ ഞാൻ വേറെ കല്യാണം കഴിച്ചോള്ളും.”
അന്ന് വൈകുന്നേരം തന്നെ ഞാൻ ദേവികയുടെ വീട്ടിലേക്ക് പോയി. നാളെ അവൾ തിരിച്ച്
ചെന്നൈയിലേക്ക് പോവുകയാണ്.
സന്ധ്യ നേരം വീട്ട് മുറ്റത്തുകൂടി അവളോടൊപ്പം നടക്കുന്നതിനിടയിൽ ഞാൻ അവളോട് മായ
പറഞ്ഞ കാര്യങ്ങൾ അവതരിപ്പിച്ചു.
“ഡാ.. ഇതിൽ ഇത്ര ചിന്തിക്കാൻ എന്തിരിക്കുന്നു… ഒന്നാമത് അവൾ നിന്റെ മുറപ്പെണ്ണ്
തന്നെയാണ്.. പിന്നെ അവളെക്കാളും നല്ലൊരു പെണ്ണിനെ നിനക്ക് എവിടന്ന് കിട്ടാനാണ്.”
“അതൊക്കെ ശരിയാണ്.. പക്ഷെ എനിക്കിപ്പോൾ ഇരുപത്തിനാല് വയസാകുന്നതേ ഉള്ളു..
പറയാനായിട്ട് ഒരു ജോലി പോലും ഇല്ല.. ഞാൻ എങ്ങനെ അവളെ കല്യാണം കഴിക്കാനാണ്.”
അവൾ എന്റെ തലക്ക് തട്ടിക്കൊണ്ട് പറഞ്ഞു.
“ഡാ പൊട്ടാ.. ഇപ്പോഴേ കല്യാണം കഴിക്കണം എന്ന് ആര് പറഞ്ഞു.. നീ ഒരു രണ്ട് വർഷത്തെ
സാവകാശം ചോദിക്കണം.. എന്നിട്ട് നല്ലൊരു ജോലിയൊക്കെ ഒപ്പിക്കണം.”
അവൾ പറഞ്ഞതിനെ കുറിച്ച് ഞാൻ മനസ്സിൽ ചിന്തിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ഇതിൽ ഇത്ര ആലോചിച്ച് കൂട്ടാൻ എന്തിരിക്കുന്നു.. നീ മായയെ കുറിച്ച് മാത്രം ഒന്ന്
ചിന്തിച്ചാൽ മതി.”
ദേവു പറഞ്ഞത് ശരിയാണ്.. ആരും നോക്കി നിന്നുപോകുന്ന സുന്ദരിയായ ഒരു പെണ്ണാണ് മായ..
മാത്രമല്ല ദേവു കഴിഞ്ഞാൽ എന്നെ അത്രത്തോളം മനസ്സിലാക്കിയിട്ടുള്ള വേറാരും ഇല്ല..
എന്തുകൊണ്ടും അവളുമായുള്ള ജീവിതം സന്തോഷകരമായിരിക്കും.
“നിനക്ക് ഞാൻ മറ്റൊരു കാര്യം കൂടി പറഞ്ഞ് തരാം”
ഞാൻ ആകാംഷയോടെ അവളെ നോക്കി.
“നീ ഒരുപാട് ജോലികൾ നോക്കി, ഒന്നിലും ഉറച്ച നിന്നില്ല.. ഞാൻ മനസ്സിലാക്കിയിടത്തോളം
നിനക്ക് മറ്റുള്ളവരുടെ നിയന്ത്രണത്തിൽ ഒരുപാട് കാലം നിൽക്കാനാകില്ല. അതുകൊണ്ട് നീ
സ്വന്തമായി എന്തെങ്കിലും ബിസിനസിനെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്.”
ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു.
“എന്റെ ഭാവിയെ കുറിച്ചതും കല്യാണത്തെ കുറിച്ചുമൊക്കെ ഇത്രയേറെ ഉപദേശങ്ങൾ തരുന്ന നീ
എന്നാണ് ഇനി കല്യാണം കഴിക്കുന്നത്.”
അവളുടെ സ്വരം ചെറുതായി മാറി.
“നമ്മൾ ഇതിനെ കുറിച്ച് ഒരുപാട് പ്രാവിശ്യം സംസാരിച്ച് കഴിഞ്ഞതാണല്ലോ.”
“നീ ജീവിതകാലം മൊത്തം ഒറ്റക്ക് കഴിയാൻ പോകുവാണോ?”
“അതേ, അതിലെന്താ കുഴപ്പം.. എന്റെ ഇഷ്ട്ടങ്ങൾക്ക് മാത്രം ഞാൻ അപ്പോൾ നോക്കിയാൽ
മതിയല്ലോ.”
“ഇപ്പോൾ നിനക്ക് അങ്ങനെയൊക്കെ തോന്നും.. പക്ഷെ ഭാവിയിൽ ഒറ്റക്കായി പോയി എന്നൊരു
തോന്നൽ ഉണ്ടാകുമ്പോൾ നിന്റെ നല്ല കാലം കഴിഞ്ഞിരിക്കും.”
അവൾ കുറച്ച് നേരത്തേക്ക് എന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ഞാൻ ഒരു കല്യാണം കഴിച്ചിട്ട് അവനും രാജീവിനെ പോലെ
മറ്റൊരു പെണ്ണിനൊപ്പം പോകില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ?’
“എല്ലാരും രാജീവിനെ പോലെ ആകണമെന്നില്ല ദേവു.”
“നീ എന്റെ മാനസികാവസ്ഥ മനസിലാക്കാഞ്ഞിട്ടാണ് ഇങ്ങനൊക്കെ പറയുന്നത്.”
“എന്താ ഇപ്പോൾ നിന്റെ പ്രോബ്ലം?”
അവൾ ഒന്നും മിണ്ടിയില്ല.
“എന്താ നിന്റെ മനസിലുള്ളത് എന്ന് പറ..”
“ഞാൻ ഒരു കല്യാണം കഴിച്ചെന്നിരിക്കട്ടെ.. അവൻ ഓരോ തവണ എന്റെ ശരീരത്ത് തൊടുമ്പോഴും
എനിക്ക് ഓർമ വരുന്നത് രാജീവിനെ ആയിരിക്കും, അങ്ങനെ ഉള്ളപ്പോൾ എനിക്കെങ്ങാനാണ്
നല്ലൊരു കുടുംബ ജീവിതം നയിക്കാൻ പറ്റുന്നത്.”
അതിന് അവൾക്ക് കൊടുക്കുവാനൊരു ഉത്തരം എനിക്കില്ലായിരുന്നു.
.
.

പിറ്റേ ദിവസം തന്നെ ദേവിക ചെന്നൈയിലേക്ക് യാത്ര തിരിച്ചു. ഞാൻ തന്നെയായിരുന്നു അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയത്. അവൾ പോയി കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം തന്നെ അച്ഛനും അമ്മാവനും കൂടി മായയുടെ കാര്യം എന്നോട് സംസാരിച്ചു. ഞാൻ ഇതിനകം തന്നെ അവളെ ഇഷ്ട്ടമാണെന്ന കാര്യം മായയെ
അറിയിച്ചിരുന്നു. അവൾ അത് അമ്മാവനെ അറിയിക്കുകയും ചെയ്തിരുന്നു. എങ്കിലും
വീട്ടുകാർക്ക് വേണ്ടി ഒരു ഉറപ്പിന് വേണ്ടിയായിരുന്നു ഈ സംസാരം.
മായ വീട്ടിൽ എന്റെ കാര്യം അവതരിപ്പിച്ചപ്പോൾ അവൾ വിചാരിച്ചിരുന്നപോലെ തന്നെ വലിയ എതിർപ്പൊന്നും ഉണ്ടായില്ല. അമ്മാവനും അച്ഛനും എന്നോട് സംസാരിച്ചപ്പോൾ ദേവിക എന്നോട് പറഞ്ഞപോലെ തന്നെ രണ്ട് വർഷത്തെ സാവകാശം ഞാൻ ചോദിച്ചു. അവർക്കും അത്സമ്മതമായിരുന്നു.

പിന്നെ ഞാൻ ചിന്തിച്ചത് ദേവിക പറഞ്ഞത് പോലെ സ്വന്തമായി ഒരു ബിസിനസ് തുടങ്ങുന്നതിനെ കുറിച്ചായിരുന്നു. വീട്ടുകാരും കൂട്ടുകാരുമായൊക്കെ ഉള്ള ചർച്ചക്കൊടുവിൽ അവസാനം ഞാൻ ഒരു എവെന്റ്റ് മാനേജ്‌മന്റ് തുടങ്ങാൻ തീരുമാനിച്ചു. സാമ്പത്തികമായി അച്ഛൻ കുറച്ച് സഹായിച്ചപ്പോൾ എനിക്ക് പെട്ടെന്ന് തന്നെ അത് തുടങ്ങുവാനും കഴിഞ്ഞു. ഇപ്പോൾ
തരക്കേടില്ലാത്ത രീതിയിൽ ബിസിനസ് മുന്നോട്ട് പോകുന്നുണ്ട്.
ഡിവോഴ്‌സിന് ശേഷം ദേവു ചെന്നൈയിലേക്ക് തിരികെ പോയിട്ട് ഇപ്പോൾ അഞ്ചു മാസത്തോളം
ആകുന്നു. എല്ലാ ദിവസവും അവൾ വിളിക്കും. ഡിവോഴ്സ് ആയി നിൽക്കുന്ന പെണ്ണാണെന്ന്
അറിഞ്ഞ് അത് മുതലെടുക്കാമെന്ന് വിചാരിച്ച് കൂടെ വർക്ക് ചെയ്യുന്ന ചില ഞരമ്പന്മാർ
അവളോട് അടുത്ത് കൂടിയിരുന്നു. എന്നാൽ അവൾ അവന്മാരെയൊക്കെ അതിന്റെതായ രീതിയിൽ
ഒഴുവാക്കി വിടുകയും ചെയ്തിരുന്നു. അതിനെകുറിച്ചെല്ലാം അവൾ അപ്പപ്പോൾ വിളിച്ച്
എന്നോട് പറയും.
ദേവികയുടെ അമ്മയെ കാണാൻ ഞാൻ മിക്കപ്പോഴും പോകാറുണ്ട്. ദേവുവിനെ കുറിച്ച്
അമ്മക്കെപ്പോഴും ആധിയാണ്.. അത് എന്നോട് പറയാറും ഉണ്ട്. ദേവു ഒരു പിടിവാശിക്കാരി
ആയതിനാൽ അവളെ നിർബന്ധിച്ച് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് അമ്മയ്ക്കും അറിയാം. ‘അമ്മ
ഇടക്കൊക്കെ എന്നോട് പറയാറുണ്ട്..
മറ്റുള്ളവരുടെ വാക്ക് കേട്ട് ദേവു എന്തെങ്കിലും അനുസരിക്കാറുണ്ടെങ്കിൽ അത് മോൻ
പറയുന്നത് മാത്രമാണെന്ന്.
അതുപോലെ തന്നെ ദേവുവും എന്നോട് പറയാറുണ്ട്.
ചില ദിവസങ്ങളിൽ രാത്രി പതിനൊന്നു മണിയൊക്കെ കഴിയുമ്പോൾ ‘അമ്മ വിളിക്കുമ്പോൾ എന്റെ
ഫോൺ ബിസി എന്നെങ്കിലും നിന്നോടാണ് സംസാരിച്ചതെന്ന് പറഞ്ഞാൽ ‘അമ്മ വഴക്കൊന്നും
പറയാറില്ലെന്ന്. ഏത് സമയത് വേണമെങ്കിലും നിന്നോട് സംസാരിക്കാനുള്ള സ്വാതന്ത്രം
‘അമ്മ നൽകിയിട്ടുണ്ടെന്ന്.
ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യവും അത് തന്നെയായിരുന്നു. അവളുടെ ‘അമ്മ ഒരിക്കൽ പോലും
ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തെ തെറ്റായ രീതിയിൽ കണ്ടിരുന്നില്ല.
മായ ഇടക്കൊക്കെ എന്നോട് പരാതി പറയാറുണ്ടായിരുന്നു.. അവളോട്
സംസാരിക്കുന്നതിനേക്കാളേറെ ഞാൻ ദേവുവിനോടാണ് സംസാരിക്കുന്നതെന്ന്. പക്ഷെ ഒരിക്കൽ
പോലും എന്റെ മായ എന്നോട് പറഞ്ഞിട്ടില്ല ദേവുവിനെ വിളിക്കുകയോ സംസാരിക്കുകയോ
ചെയ്യരുതെന്ന്.
ഡിവോഴ്‌സിന് ശേഷം ചെന്നൈയിലേക്ക് പോയ സമയങ്ങളിൽ ദേവു വിളിക്കുമ്പോൾ അവളുടെ
സ്വരങ്ങളിൽ സങ്കടം മാത്രമായിരുന്നു നിഴലിച്ചിരുന്നത്. എന്നാൽ ഈ ഇടയായി അവൾ കുറച്ച്
സന്തോഷവതി ആണ്. കാരണം വിശ്വസിക്കാവുന്ന ഒരു നാല് കൂട്ടുകാരെ അവൾക്ക്
കിട്ടിയിട്ടുണ്ട്. രണ്ട് ആണുങ്ങളും രണ്ട് പെൺപിള്ളേരും. അവരിൽ ബിജു എന്ന പേര് ഞാൻ
കൂടുതൽ ശ്രദ്ധിച്ചു. കാരണം ഈ ഇടയായി അവൾ ഫോൺ വിളിക്കുമ്പോഴെല്ലാം ആ പേര് ഒരുപാട്
കടന്ന് വരാറുണ്ട്. ഓഫീസിൽ അവളെ വളരെയേറെ സഹായിക്കാറുണ്ടെന്നാണ് പറഞ്ഞിരുന്നത്.
കൂടുതൽ തിരക്കിയപ്പോൾ കല്യാണം കഴിഞ്ഞു.. ഒരു കൊച്ചും ഉണ്ട്, ഭാര്യയും കൊച്ചും
നാട്ടിലാണെന്നും അറിഞ്ഞു.
അങ്ങനെ ഇരിക്കെ ഒരു ദിവസമാണ് എനിക്ക് ചെന്നൈയിലേക്ക് പോകേണ്ട ഒരു ആവിശ്യം വന്നത്.
അപ്പോൾ തന്നെ ഞാൻ ദേവുവിനെയും കാണാൻ പോകുന്ന കാര്യം ഉറപ്പിച്ചു. അതിനാൽ തന്നെ
ചെന്നൈയിലെ എന്റെ കാര്യങ്ങളെല്ലാം ശനിയാഴ്ചതന്നെ ഒതുക്കി ഞായറാഴ്ച ഫ്രീ ആകുന്ന
രീതിയിൽ യാത്ര പുറപ്പെട്ടു.
എന്റെ പ്ലാനിംഗ് പോലെ തന്നെ ശനിയാഴ്ച തന്നെ എന്റെ കാര്യങ്ങൾ ഒതുക്കി തീർക്കാനായി.
ഞായറാഴ്ച പാർക്കിൽ വച്ചു കാണാം എന്നായിരുന്നു ഞാൻ ദേവുവിനോട് പറഞ്ഞിരുന്നത്.
ഞായറാഴ്ച ഞാൻ പാർക്കിൽ എത്തുമ്പോൾ തന്നെ ദേവുവും അവിടെ എത്തിയിരുന്നു. കൂടെ അവളുടെ
നാല് കൂട്ടുകാരും. കാവ്യാ, മഞ്ജു, സിജോ, ബിജു.
ദേവു എനിക്ക് എല്ലാരേയും പരിചയപ്പെടുത്തി തന്നു. ദേവു പറഞ്ഞ് പറഞ്ഞ് ഞാൻ
അവർക്കെല്ലാം സുപരിചിതനായിരുന്നു. ഞങ്ങളെല്ലാം അവിടെ ഒരു സിമെന്റ് ബെഞ്ചിലേക്ക്
പോയിരുന്നു.
അവളുടെ മുഖത്തെ തെളിച്ചവും കണ്ടപ്പോൾ തന്നെ ദേവു ഇപ്പോൾ വളരെ സന്തോഷവാതി ആണെന്ന്
എനിക്ക് തോന്നി. നാട്ടിൽ നിന്നും വന്നപ്പോഴത്തേക്കാളും കുറച്ചതും കൂടി വണ്ണം
വച്ചപോലെ.
“നീ വണ്ണം വച്ച് അങ്ങ് ഗ്ലാമർ ആയല്ലൊടി.”
അവൾ ഒരു ചിരിയോടെ എനിക്ക് നേരെ തിരിഞ്ഞിരുന്ന് പറഞ്ഞു.
“എന്റെ മുടി കണ്ടോ.. കുറച്ച് കൂടി നീളം വച്ചില്ലേ ഇപ്പോൾ.”
ശരിയാണ്, അവളുടെ മുടി കുറച്ച് കൂടി നീളം വച്ചിരുന്നു.
എങ്കിലും അവളെ ചൊടിപ്പിക്കാനായി ഞാൻ പറഞ്ഞ്.
“അത്രക്കൊന്നും ഇല്ല.. വളരെ കുറച്ച് മാത്രമൊന്ന് നീളം കൂടി.”
മുഖത്തേക്ക് ഒരു പുച്ഛഭാവം വരുത്തി അവൾ പറഞ്ഞു.
“അല്ലെങ്കിലും നീ അങ്ങനെ പറയുള്ളു.”
എന്നിട്ടവരോടായി അവൾ പറഞ്ഞു.
“എന്റെ മുടിയെ കളിയാക്കൽ ആണ് അല്ലേലും ഇവന്റെ പണി.”
അവൾ എഴുന്നേറ്റ് എന്റെ അരികിലായി വന്നിരുന്നു. നമ്മളെല്ലാപേരും ഓരോരോ വിശേഷങ്ങൾ
പറഞ്ഞ് തുടങ്ങി. എല്ലാപേരും സൗഹൃദപരമായ പെരുമാറ്റം തന്നെ ആയിരുന്നു. ഒരുപാട് സമയം
ഞങ്ങൾ സംസാരിച്ചിരുന്നു.
ദേവു മിക്ക സമയവും എന്റെ തോളിൽ ചാരി കിടന്നായിരുന്നു സംസാരിച്ചിരുന്നെ. എന്റെ കൈ
അവളുടെ വയറിലും ചുറ്റിപ്പിടിച്ചിരുന്നു.
ബാക്കി ആരും അത് ശ്രദ്ധിക്കുന്നില്ലെങ്കിലും എന്റെ കൈ അവളുടെ വയറിൽ
ചുറ്റിപ്പിടിച്ചിരിക്കുന്നത് ബിജു നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞങ്ങൾ ഇതിന്
മുൻപ് പലപ്പോഴും അങ്ങനെ ഇരുന്നിട്ടുള്ളതാണെകിലും ബിജു അങ്ങനെ നോക്കുന്നത് എന്നിൽ
ചെറുതായി അസ്വസ്ഥത പടർത്തിയതിനാൽ ഞാൻ എന്റെ കൈ അവളുടെ വയറിൽ നിന്നും എടുത്തു
മാറ്റി. സിമെന്റ് ബെഞ്ചിന്റെ അറ്റത് ഞെരുങ്ങി ഇരിക്കുന്നതിനാൽ താഴെ
വീഴാതിരിക്കാനാണെന്ന് തോന്നുന്നു ദേവു എന്തോ പറയുന്നതിനിടയിൽ ആരെയും ശ്രദ്ധിക്കാതെ
എന്റെ കൈ പിടിച്ച് വീണ്ടും അവളുടെ വയറ്റിൽ ചുറ്റി പിടിപ്പിച്ചു. ഞാൻ ഈ സമയം
ബിജുവിനെ തന്നെ ശ്രദ്ധിച്ചു. സംസാരത്തിൽ ശ്രദ്ധിക്കാതെ അവളുടെ ആ പ്രവർത്തിയിൽ
തന്നെയായിരുന്നു അവൻ നോക്കിയത്. ഞാൻ അത് ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അവൻ
പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞു. ബിജുവിന്റെ പ്രവർത്തികൾ എന്തോ എന്നെ നല്ല
രീതിയിൽ അസ്വസ്ഥതനാക്കി.
കുറച്ചുനേരം കൂടി സംസാരിച്ച് കഴിഞ്ഞ് എല്ലാരും തിരികെ പോകാൻ തീരുമാനിച്ചു. എനിക്ക്
വൈകിട്ടായിരുന്നു നാട്ടിലേക്കുള്ള ട്രെയിൻ. അതുകൊണ്ട് തന്നെ അവരെല്ലാരും പോയപ്പോഴും
ദേവു എന്നോടൊപ്പം തന്നെ നിന്നു.
ഉച്ചക്ക് ഹോട്ടലിൽ നിന്നും ചോറ് കഴിക്കുന്ന സമയം ഞാൻ അവളോട് ചോദിച്ചു.
“ബിജു ആളെങ്ങനാണ്?”
“ഒരു പാവം ആണെടാ.. എന്താ നീ അങ്ങനെ ചോദിച്ചേ?”
“ഒന്നൂല്ല..”
കുറച്ച് വെള്ളം കുടിച്ച് ഗ്ലാസ് മേശമേൽ വച്ചുകൊണ്ട് അവൾ പറഞ്ഞു.
“അല്ല.. എന്തോ ഉണ്ട്.”
“പുള്ളിയുടെ നോട്ടവും പെരുമാറ്റവും എനിക്കെന്തോ അത്ര ശരിയായി തോന്നിയില്ല.”
അവൾ ഒരു ചിരിയോടെ പറഞ്ഞു.
“അതൊക്കെ നിന്റെ വെറും തോന്നലാണെടാ.. ആളൊരു പാവമാണ്.. എന്നെ വർക്കിൽ ഒകെ ഒരുപാട്
സഹായിക്കാറുണ്ട്‌.”
ഞാൻ പിന്നെ ദേവുവിനോട് ഒന്നും പറയാൻ പോയില്ല. അവളുടെ മനസ്സിൽ ഒരാൾ ഇടം പിടിച്ചാൽ
പിടിച്ചതാണ്.
ഞാൻ നാട്ടിൽ തിരിച്ചെത്തി കുറച്ച് നാളുകൾക്കകം തന്നെ ദേവികയുടെ സ്വഭാവത്തിൽ
പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി.
ഇപ്പോൾ അവൾ എന്നെ എല്ലാ ദിവസങ്ങളിലും വിളിക്കാറില്ല. വിളിക്കുകയാണെങ്കിൽ തന്നെ
അധികനേരം സംസാരിക്കാറില്ല. അവൾ ഇങ്ങോട്ട് വിളിക്കാത്ത ദിവസങ്ങളിൽ ഞാൻ അങ്ങോട്ട്
വിളിച്ചാൽ തന്നെ പുറത്ത് നിൽക്കെയാണ്, ഫിലിമിന് പോകുന്നു, പുറത്തു ഫുഡ് കഴിക്കാൻ
പോകുന്നു എന്നിങ്ങനെ മറുപടി നൽകി ഫോൺ കട്ട് ചെയ്യുന്നത് പതിവായി.
അന്ന് പതിവിലേറെ ഞാൻ അസ്വസ്ഥനായിരുന്നു. ഇന്ന് മൂന്നു ദിവസം കഴിയുന്നു ദേവിക എന്നെ
ഫോൺ വിളിച്ചിട്ട്.. അവൾ ഇങ്ങോട്ട് വിളിക്കാതിരുന്നപ്പോൾ ഒരു വാശിയുടെ പുറത്ത്
തിരികെ വിളിക്കാതിരുന്നതാണ്.
അവൾ എന്റെ കാമുകി ഒന്നും അല്ല.. എങ്കിലും ദിവസേന അവളോട് സംസാരിച്ച് സന്തോഷവും
ദുഖവും എല്ലാം പങ്കുവച്ചിരുന്നിട്ട് പെട്ടെന്ന് അത് ഇല്ലാതായപ്പോൾ
സഹിക്കാനാവുന്നില്ല.
രാത്രി ആഹാരം കഴിച്ച് കഴിഞ്ഞയുടൻ ഞാൻ അവളെ ഫോൺ ചെയ്തു. ബെല്ലടിച്ച് തീരാറായപ്പോൾ
ആണ് അവൾ കാൾ എടുത്തത്.
ഫോൺ എടുത്തുടൻ അവൾ പറഞ്ഞു.
“കറക്ട് സമയത്താണ് നീ വിളിച്ചത്.. ഞാൻ ഇപ്പോൾ റൂമിലേക്ക് വന്ന് കയറിയാതെ ഉള്ളു.”
“ഈ രാത്രി സമയത് നീ ഇവിടെ പോയിരുന്നു?”
“ബിജു ചേട്ടന്റെ ബെർത്ത് ഡേ ആയിരുന്നു ഇന്നലെ.. അതിന്റെ ചിലവായിട്ട് ഇന്ന് ഞങ്ങളെ
എല്ലാം ഫിലിമിന് കൊണ്ട് പോയി.”
“എത്ര ദിവസമായി ദേവു നീ എന്നെയൊന്ന് വിളിച്ചിട്ട്.”
“സോറി ഡാ.. രണ്ട് ദിവസമായി ബര്ത്ഡേ പാർട്ടിയും എല്ലാം ആയി ബിസി ആയി പോയി.”
എന്റെ ശബ്‌ദം ചെറുതായി ഇടറിയിരുന്നോ എന്നറിയില്ല.
“പുതിയ കൂട്ടുകാരെയൊക്കെ കിട്ടിയപ്പോൾ എന്നെ വേണ്ടെന്നായിട്ടുണ്ടോ നിനക്ക്.”
“നീ എന്താടാ ഇങ്ങനൊക്കെ പറയുന്നേ?”
“കുറച്ചുനാളുകളായുള്ള നിന്റെ പെരുമാറ്റം കണ്ട് ചോദിച്ചു പോയതാണ്. ഇപ്പോൾ
എന്നെക്കാളുമൊക്കെ വലുത് അവരാണെന്ന പോലെയാ നിന്റെ പെരുമാറ്റം.”
“നീ എന്തൊക്കെയാടാ പറയുന്നേ.. അവർ എന്റെ ആരാ?.. കൂടെ വർക്ക് ചെയ്യുന്ന ഫ്രണ്ട്‌സ്..
നീ എനിക്കങ്ങനെ ആണോ?.. എനിക്ക് നിന്നെ എപ്പോൾ വേണമെങ്കിലും വിളിച്ചൂടെ.. നാട്ടിൽ
വന്നാൽ എപ്പോൾ വേണമെങ്കിലും കണ്ടുടെ.. ഞാൻ ഈ ഓഫീസിലെ ജോലി മതിയാക്കിയാൽ ഇവരെ
കാണുമോന്ന് പോലും എനിക്കറിയില്ല.”
മനസ് ആകെ കലുഷിതമായിരുന്നതിനാൽ അവൾ പറഞ്ഞതൊന്നും എന്റെ മണ്ടയിൽ
കയറുന്നുണ്ടായിരുന്നില്ല.
“ദേവു നീ ഒന്ന് മനസിലാക്കിക്കോ.. ബിജു നീ വിചാരിക്കുന്നത് പോലെ അത്ര നല്ലവൻ ഒന്നും
അല്ല.. അവനുമായുള്ള കൂട്ട് നിർത്തുന്നതാണ് നിനക്ക് നല്ലത്.”
അത് കേട്ടതും അവൾക്ക് നന്നായി ദേഷ്യം വന്ന്.. സ്വരം കടുത്തു.
“നീ ഒന്ന് മനസിലാക്കണം.. ഞാൻ ആരോട് സംസാരിക്കണം സംസാരിക്കേണ്ട എന്ന് തീരുമാനിക്കാൻ
നീ എന്റെ കാമുകനോ ഭർത്താവോ അല്ല.. എന്റെ കൂട്ടുകാരൻ മാത്രമാണ്.. എനിക്കറിയാം ഞാൻ
ആരോടൊക്കെയാ സംസാരിക്കേണ്ടത് വേണ്ടാത്തതെന്ന്.”
അവളുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി.
കൂടുതൽ ഒന്നും കേൾക്കാതിരിക്കാനായി ഞാൻ ഫോൺ കട്ട് ചെയ്തു കളഞ്ഞു.
മനസ് ആകെ നീറുന്നത് പോലെ.. ആരോടെങ്കിലും ഒന്ന് സംസാരിച്ചില്ലെങ്കിൽ ചങ്ക്
പൊട്ടുമെന്ന് എനിക്ക് തോന്നി. എപ്പോൾ എനിക്ക് മനസ് തുറന്ന് ഒന്ന് സംസാരിക്കാൻ മായ
അല്ലാതെ വേറെ ആരും ഇല്ലായിരുന്നു.
അവളെ തന്നെ ഞാൻ ഫോൺ വിളിച്ചു.
അവൾ ഫോൺ എടുത്തതും ഞാൻ “മായ” എന്ന് ഒന്ന് വിളിച്ചു.
എന്റെ സ്വരത്തിൽ നിന്നു തന്നെ എന്റെ മനസ് അസ്വസ്ഥമാണെന്ന് അവൾക്ക് തോന്നിയിരിക്കണം.
ഞാൻ ഒന്നും പറയാതെ തന്നെ അവൾ എന്നോട് ചോദിച്ചു.
“എന്താ ഏട്ടാ .. എന്ത് പറ്റി?”
ആ നിമിഷം എന്നെ മനസിലാക്കാൻ മായയെ കാലും നന്നായി വേറെ ആരും ഇല്ലെന്ന് എനിക്ക്
തോന്നിപോയി.
ഞാൻ മനസ് തുറന്ന് എല്ലാം അവളോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവൾ എന്നെ
ആശ്വസിപ്പിച്ച് ഓരോന്ന് പറഞ്ഞു.
അവസാനം ഇതുകൂടി അവൾ പറഞ്ഞു.
“നമുക്ക് ഒരു സുഹൃത്തിനെ സ്നേഹിക്കാം, സഹായിക്കാം.. പക്ഷെ അവരുടെ വ്യക്തി
സ്വാതന്ത്രത്തിൽ കയറി ഇടപെടാൻ ശ്രമിക്കാതിരിക്കുക.”
അത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി. ദേവു എന്നും എന്റെ സുഹൃത്തായിരിക്കും
ഒരാപത്ത് വന്നാൽ കൂടെ നിൽക്കുകയും ചെയ്യും.. പക്ഷെ അവളുടെ ജീവിതത്തിൽ തീരുമാനങ്ങൾ
എടുക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു.
പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് ദേവിക എന്നെ ഫോൺ വിളിക്കുന്നത്.
അന്ന് അങ്ങനെ സംസാരിച്ചതിന് അവൾ ക്ഷമയൊക്കെ പറഞ്ഞു. ഞാൻ തിരിച്ചും.. പക്ഷെ എനിക്ക്
മനസ് തുറന്ന് അവളോട് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അത്
മനസിലാക്കിയിട്ടെന്നവണ്ണം അന്ന് ഫോൺ വയ്ക്കുന്നതിന് തൊട്ട് മുൻപായി അവൾ പറഞ്ഞു.
“നീയൊരു കാര്യം മനസിലാക്കണം.. ഈ കണ്ടവരുടെ പേരിൽ നമ്മൾ അടി കൂടി, അവർ എന്റെ
ജീവിതത്തിൽ കടന്ന് വന്ന ചില കഥാപാത്രങ്ങൾ മാത്രമാണ്.. പക്ഷെ എനിക്കൊരു പ്രശ്നം
വന്നാൽ സങ്കടം വന്നാൽ സന്തോഷം വന്നാൽ അത് ആരോടെങ്കിലും ഒന്ന് പങ്കുവയ്ക്കണമെന്ന്
തോന്നിയാൽ നീ ഈ പറഞ്ഞവരുടെയോ എന്റെ അമ്മയുടേയോ പോലും മുഖമല്ല എന്റെ മനസ്സിൽ ആദ്യം
വരുന്നത്.. നിന്റെ മുഖം മാത്രമായിരിക്കും അപ്പോൾ എന്റെ മനസിലുണ്ടാകുക.”
.
.
അവൾ ഫോൺ വച്ച് കഴിഞ്ഞപ്പോൾ അറിയാതെ ഒരു തുള്ളി കണ്ണുനീർ എന്റെ കവിളിലേക്ക്
ഒഴുകിയിരുന്നു.
ഏകദേശം ഒരാഴ്ചയോളം കഴിഞ്ഞ് ഒരു ഞായറാഴ്ച രാവിലെ വരാന്തയിൽ ഇരുന്നു പത്രം
വായിക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്.
എടുത്തു നോക്കുമ്പോൾ ദേവികയാണ്. സാധാരണ രാവിലെ അവളുടെ ഫോൺവിളി പതിവില്ലാത്തതാണ്.
ഞങ്ങൾക്ക് ഇടയിൽ രൂപം കൊണ്ടിരുന്ന മഞ്ഞ് മതിൽ ഈ ഒരാഴ്ചക്കുള്ളിൽ ഉരുകി
തുടങ്ങിയിരുന്നു.
ഞാൻ ഫോൺ എടുത്തു രണ്ട് മൂന്നു തവണ ഹലോ പറഞ്ഞിട്ടും അങ്ങേ തലക്കൽ നിശബ്തത മാത്രം.
“ദേവു നീ എന്താ ഒന്നും മിണ്ടാത്തത്?”
കുറച്ച് നേരം കൂടി നിശബ്തത തുടർന്ന ശേഷം മറുപടി വന്നു.
“ഞാൻ ദേവിക അല്ല.. മഞ്ജു ആണ്..”
ചെന്നൈയിൽ വച്ച് പരിചയപ്പെട്ട മഞ്ജുവിനെ എനിക്ക് ഓർമ വന്ന്.
“അഹ്, എന്താ മഞ്ജു.”
“ദേവിക ഇന്നലെ രാത്രി സൂയിസൈഡ് ചെയ്യാനായി കൈയിലെ ഞരമ്പ് മുറിച്ചു.”
എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.. എന്തിനാ അവൾ ഇപ്പോൾ അങ്ങനെ ചെയ്തത്.
“അവൾക്കിപ്പോൾ എങ്ങനുണ്ട്.”
“പേടിക്കണ്ട.. വലിയ കുഴപ്പം ഒന്നും ഇല്ല., ഇപ്പോൾ ഹോപിറ്റലിൽ നിന്നും റൂമിൽ വന്നു.”
“എന്തിനാ അവൾ അങ്ങനെ ചെയ്തത്?”
“അറിയില്ല.. ഞങ്ങൾ എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല.”
“ദേവുവിന്റെ കൈയിൽ ഫോൺ കൊടുത്തേ..”
കുറച്ച് നേരത്തെ നിശബ്ദ്ധതക്ക് ശേഷം അവളുടെ ശബ്‌ദം എന്റെ കാതിലെത്തി.
“ഹലോ..”
“നീ എന്തിനാ ദേവു ഇങ്ങനെ ചെയ്തേ?”
അവൾ ദയനീയമായി പറഞ്ഞു.
“എന്നോട് ഇപ്പോൾ ഒന്നും ചോദിക്കല്ലേ നീ.”
എനിക്ക് പിന്നെന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.
“ഞാൻ ഇന്ന് ചെന്നൈയിലേക്ക് ബസ് കയറും.”
അവൾ പെട്ടെന്ന് തന്നെ പറഞ്ഞു.
“വേണ്ട.. നീ ഇങ്ങോട്ട് വരണ്ട.”
“എനിക്ക് നിന്നെ കാണണം ദേവു.”
“ഞാൻ ഇന്ന് തന്നെ ഓഫീസിൽ നാട്ടിലേക്കുള്ള ട്രാൻസ്ഫെറിനുള്ള അപേക്ഷ കൊടുത്തിട്ട് ഒരു
മാസത്തെ ലീവ് എടുത്ത് നാട്ടിലേക്ക് വരുകയാണ്. ട്രാൻസ്ഫർ ശരിയായില്ലെങ്കിൽ ഞാൻ ഇനി
തിരികെ ചെന്നൈയിലേക്ക് ഇല്ല.. ജോലി വേണ്ടെന്ന് വയ്ക്കും.”
അവൾക്ക് ചെന്നൈയിൽ നില്ക്കാൻ പറ്റാത്ത തരത്തിൽ മനസിനെ വേദനിപ്പിക്കുന്ന എന്തോ
ഉണ്ടായെന്ന് എനിക്ക് മനസിലായി.
“നീ നാട്ടിലേക്ക് ആദ്യം വാ.. ബാക്കിയൊക്കെ നമുക്ക് പിന്നെ ചിന്തിക്കാം.”
.
.
റെയിൽവേ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് കാർ ഓടിക്കുന്നതിനിടയിൽ ഞാൻ ദേവുവിനെ
ശ്രദ്ധിച്ചു.
ചീകി ഒതുക്കാതെ പാറി പറക്കുന്ന മുടി..കരഞ്ഞ് വീർത്ത മുഖം.. അലക്ഷ്യമായി
ധരിച്ചിരിക്കുന്ന വസ്ത്രം. ആകെ കോലം കേട്ടിരിക്കുന്നു അവൾ. ഗ്ലാസിൽ കൂടി
പുറത്തേക്ക് നോക്കി ഇരിക്കയാണ് ദേവു.
എന്റെ ശ്രദ്ധ അവളുടെ ഇടത് കൈയിലെ മുറുവിലെ കെട്ടിലായി. ഞാൻ എന്റെ ഇടതു കൈ കൊണ്ട്
അതിലേക്കൊന്നു തൊട്ടു.
ദേവു പെട്ടെന്ന് എന്തോ ചിന്തയിൽ നിന്നും ഉണർന്ന് ഞെട്ടി എന്നെ നോക്കി.
“എന്തിനാ ദേവു നീ ഇങ്ങനെ ചെയ്തേ?”
പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.
“നീ പറഞ്ഞതായിരുന്നു ശരി, ബിജുവിനെ മനസ്സിലാക്കുന്നതിൽ ഞാൻ പരാജയപെട്ടു.”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
“ഞാൻ അവനെ ഒരുപാട് വിശ്വസിച്ചിരുന്നു. അവനിൽ നിന്നും ഞാൻ ഒരിക്കലും
പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു അനുഭവം ഉണ്ടായപ്പോൾ ഞാൻ തകർന്നു പോയി. ആദ്യം രാജീവ്
ഇപ്പോൾ ബിജു.. സ്നേഹിക്കുന്നവരിൽ നിന്നെല്ലാം വഞ്ചന മാത്രമാണ് കിട്ടുന്നതെന്ന്
മനസിലാക്കിയപ്പോൾ അറിയാതെ മരണത്തെ കുറിച്ച് ചിന്തിച്ചു പോയി.
“ബിജുവിൽ നിന്നും എന്താനുഭവം ആണ് നിനക്കുണ്ടായത്?”
“എന്നോടൊന്നും ചോദിക്കലും, ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്.”
പിന്നെ വീടെത്തുവോളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ഞങ്ങൾ വീടെത്തുമ്പോൾ ഞങ്ങളെയും
കാത്ത് ‘അമ്മ വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു.ദേവു കാറിൽ നിന്നും ഇറങ്ങിയതും
‘അമ്മ കരഞ്ഞ് കൊണ്ട് വന്ന് അവളെ കെട്ടിപിടിച്ചു. അവളും അമ്മയെ കെട്ടിപിടിച്ച്
കരഞ്ഞു.
എനിക്ക് കൂടുതൽ നേരം അവരുടെ കരച്ചിൽ കണ്ട് നില്ക്കാൻ തോന്നിയില്ല. അവളുടെ ബാഗ്
അകത്തേക്ക് വച്ച് ഞാൻ പെട്ടെന്ന് തന്നെ കാറിൽ കയറി അവിടെ നിന്നും പോയി.
രണ്ട് ദിവസത്തേക്ക് ഞാൻ നല്ല ജോലിത്തിരക്കിലായിരുന്നു. ദേവികയെ കാണാൻ പോകാനേ
കഴിഞ്ഞില്ല. മൂന്നിന്റെ അന്ന് ഞാൻ അവളുടെ വീട്ടിൽ ചെല്ലുമ്പോൾ ദേവു ഹാളിൽ തന്നെ
ഇരുപ്പുണ്ട്. അവളുടെ കോലം കണ്ട് ഞാൻ ഞെട്ടിപ്പോയി.
രണ്ട് ദിവസം കൊണ്ട് അവൾ ഒരുപാട് മെലിഞ്ഞത് പോലെ.. കവിളൊക്കെ ഒട്ടി കണ്ണിനു ചുറ്റും
കറുപ്പുവീണ് ആകെ കോലം കെട്ടുപോയി അവൾ.
എന്നെ കണ്ട് അവൾ ചെറുതായി പുഞ്ചിരിച്ചു.
“എന്ത് കോലമാണ് ദേവു ഇത്. നീ ഒന്നും കഴിക്കുന്നില്ലേ?”
അതും കേട്ട് അവിടേക്ക് വന്ന അവളുടെ ‘അമ്മ പറഞ്ഞു.
“ഒന്നും കഴിക്കാത്തത് പോയിട്ട് ഒന്ന് ഉറങ്ങുന്നത് പോലും ഇല്ല അവൾ. അവളുടെ കണ്ണ്
കിടക്കുന്നത് കണ്ടില്ലേ.”
ഒരു വികാരവും ഇല്ലാത്ത മുഖത്തോടെ ഇരിക്കുകയായിരുന്നു ദേവു അപ്പോൾ.
”അമ്മാ ഇവൾക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തേ..”
എന്റെ വാക്ക് കേട്ടയുടൻ ‘അമ്മ പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു. ഞാനും അമ്മയുടെ
പിറകെ അവിടേക്ക് ചെന്നു.
“മോനെ അവളുടെ ഈ ഇരിപ്പ് കണ്ടിട്ട് എനിക്കാകെ പേടി തോന്നുന്നു.”
“‘അമ്മ പേടിക്കണ്ട.. അവളെ വേദനിപ്പിക്കുന്ന എന്തോ ഒന്ന് ബിജുവിന്റെ ഭാഗത്തു നിന്നും
ഉണ്ടായി.. കുറച്ചു ദിവസം കഴിയുമ്പോൾ മാറിക്കൊള്ളും.”
പാത്രത്തിലേക്ക് കഞ്ഞി ഒഴിച്ച്കൊണ്ടു ‘അമ്മ പറഞ്ഞു.
“ഞാൻ മനസ്സിൽ കരുതിയിരുന്ന അത്ര വലിയ സംഭവം ഒന്നും ഉണ്ടായില്ല.. പക്ഷെ അവന്റെ
ഭാഗത്തു നിന്നും ഉണ്ടായ ഒരു പെരുമാറ്റം അവളുടെ മനസിനെ ഒരുപാട് വേദനിപ്പിച്ചു.”
“അവൾ അമ്മയോട് അപ്പോൾ എന്താ ഉണ്ടായതെന്ന് പറഞ്ഞോ?”
‘അമ്മ പറഞ്ഞു എന്നർത്ഥത്തിൽ തലയാട്ടി.
“എന്താ ഉണ്ടായത്?”
“മോനെ എല്ലാപേർക്കും നീ ആകാൻ കഴിയില്ല.”
ഞാൻ ഒന്നും മനസിലാകാതെ അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ‘അമ്മ കഞ്ഞി നിറച്ച
പ്ലേറ്റ് എന്റെ കൈയിലേക്ക് തന്നുകൊണ്ട് പറഞ്ഞു.
“ഒരു ദിവസം അത് അവൾ തന്നെ നിന്നോട് പറയും.”
ഞാൻ പിന്നെ അമ്മയോട് ഒന്നും ചോദിയ്ക്കാൻ നിന്നില്ല. പ്ലേറ്റുമായി ദേവുവിന്റെ
അടുത്ത് ചെന്ന് കുറച്ച് അധികാര സ്വരത്തിൽ തന്നെ പറഞ്ഞു.
“ഇത് കുടിക്ക് നീ.”
അവൾ എന്റെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി ഒരു രണ്ട് കരണ്ടി കഞ്ഞി കുടിച്ചു.പിന്നെ
ചുമ്മാ കറണ്ടികൊണ്ട് പ്ലേറ്റിലേക്ക് ഇളക്കികൊണ്ട് ഇരുന്നു.
ഇത് കണ്ട ഞാൻ അവളുടെ എതിരെ ഒരു കസേര വലിച്ചിട്ട് അതിലേക്ക് ഇരുന്നു. എന്നിട്ട്
ദേവുവിന്റെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി ഞാൻ തന്നെ കരണ്ടിയിൽ കഞ്ഞി കോരി അവളുടെ
വായിലേക്ക് വച്ചു.
ഇതെല്ലാം നോക്കി കൊണ്ട് അവളുടെ ‘അമ്മ അടുക്കള വാതിലിൽ നിൽപ്പുണ്ടായിരുന്നു.
കുറച്ച് കരണ്ടി കഞ്ഞി കൂടി എന്റെയിൽ നിന്നും കുടിച്ച ശേഷം അവൾ പറഞ്ഞു.
“മതി.”
“നീ ഒന്നും കഴിക്കുന്നില്ലെന്നാണല്ലോ ‘അമ്മ പറഞ്ഞത്. കുറച്ചും കൂടി കുടിച്ചാൽ മതി..
ഞാൻ പിന്നെ നിർബന്ധിക്കില്ല”
അവൾ കുറച്ചു നേരത്തേക്ക് എന്റെ മുഖത്തേക്ക് നോക്കി.
“ഡാ..”
ഞാൻ ചെറുതായി മൂളി.
“ഓരോ പ്രവിശ്യവും നീ പറയുന്നത് കേൾക്കാതെ ഞാൻ ഒരു പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നു..
അപ്പോഴെല്ലാം എന്നെയൊന്ന് വഴക്ക് പോലും പറയാതെ നീ എന്റടുത്ത് വന്നിരുന്നു എന്നെ
ആശ്വസിപ്പിക്കുന്നു..”
അവൾ അമ്മയെ ഒന്ന് നോക്കി. എന്നിട്ട് എന്നോട് പറഞ്ഞു.
“നിനക്ക് എന്നെ രണ്ട് ചീത്ത പറഞ്ഞിട്ട് കളഞ്ഞിട്ട് പൊയ്ക്കൂടേ.. എനിക്ക് വയ്യട
നിന്റെ മുന്നിൽ ഇങ്ങനെ തല കുനിച്ചിരിക്കാൻ.”
ഞാൻ കഞ്ഞി താഴേക്ക് വച്ച ശേഷം അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“പറഞ്ഞാൽ കേൾക്കാതെ വാശിയുടെ പുറത്ത് ഓരോന്ന് കാണിച്ച് കൂട്ടുക എന്നുള്ളത് നിന്റെ
സ്വഭാവമാണ്.. എന്നും പറഞ്ഞ് നീ എന്റെ കൂട്ടുകാരി അല്ലാതാകുന്നില്ലല്ലോ.. നിന്റെ ഈ
സ്വഭാവത്തിന്റെ പേരിൽ നിന്നെ കളഞ്ഞിട്ട് പോകാനായിരുനെങ്കിൽ പണ്ടേ ആകമായിരുന്നല്ലോ..
ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാകും.”
എന്റെ കൈയിലേക്ക് പിടിച്ച് കൊണ്ട് അവൾ ചോദിച്ചു.
“എന്നും നീ എന്റെ കൂടെ കാണുമോ?”
“നീ എന്നെ നിന്റടുത്ത് നിന്നും പറഞ്ഞ് വിടാത്തിടത്തോളം കാലം ഞാൻ നല്ലൊരു
കൂട്ടുകാരനായി നിന്റെ ഒപ്പം തന്നെ കാണും.”
.
.
അന്ന് അർദ്ധ രാത്രി ഞാൻ നല്ല ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയത്താണ് ഫോൺ
ബെല്ലടിച്ചത്.
നോക്കുമ്പോൾ ദേവു വാട്ട്സ് അപ്പീൽ വീഡിയോ കാൾ ചെയ്യുകയാണ്. കാൾ എടുത്തപ്പോൾ തന്നെ
ഞാൻ കണ്ടത് കരയുന്ന മുഖവുമായി ഇരിക്കുന്ന ദേവുവിനെ ആണ്.
“എന്താ ദേവു. എന്ത് പറ്റി..”
“എനിക്കാറില്ലടാ.. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.”
“നീ നല്ലപോലെ കണ്ണടച്ച് കിടന്ന് നോക്ക്, അപ്പോൾ ഉറക്കം വരും.”
“ഉറക്കം വരില്ല.. നിനക്കറിയുമോ ഞാൻ ഈ മൂന്നു ദിവസത്തിനിടയിൽ നാലോ അഞ്ചോ മണിക്കൂർ
മാത്രമായിരിക്കും ഉറങ്ങി കാണുക… കണ്ണടച്ച് കിടക്കുമ്പോൾ മരിക്കണമെന്ന ചിന്തയാണ്
മനസ്സിൽ വരുന്നത്.”
എനിക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. മാത്രമല്ല അവൾ വീണ്ടും
മരിക്കാനുള്ള ശ്രമം നടത്തുമോ എന്നുള്ള ഭയവും മനസ്സിൽ കയറി.
കണ്ണീരൊലിക്കുന്ന മുഖത്തോടെ അവൾ ചോദിച്ചു.
“എന്ത് ജീവിതം ആണെടാ എന്റേത്.. പ്ലസ് ടു പഠിക്കുമ്പോൾ ഇല്ലാത്ത കാര്യത്തിന് കുറെ
ചീത്ത പേര് കിട്ടി.. അതെല്ലാം മറന്ന് നല്ലൊരു ജീവിതം ആഗ്രഹിച്ച് ഞാൻ രാജീവിനെ
കല്യാണം കഴിച്ചു. ഞാൻ പണമോ ഒന്നും ആഗ്രഹിച്ചില്ലായിരുന്നു.. സന്തോഷകരമായ ഒരു ജീവിതം
മാത്രമാണ് രാജീവിന്റെ അടുത്ത് നിന്നും ആഗ്രഹിച്ചത്..അതും എനിക്ക് കിട്ടിയില്ല. ഞാൻ
ഇതിന് മാത്രം എന്ത് തെറ്റാടാ ചെയ്തത്?”
അവളുടെ ചോദ്യങ്ങൾക്ക് എനിക്കൊരു ഉത്തരം ഇല്ലായിരുന്നു.
“സത്യത്തിൽ ഈ നശിച്ച ജീവിതം എനിക്ക് അവസാനിപ്പിക്കാൻ തോന്നുന്നു… ഡാ ഞാൻ ഒരു കാര്യം
പറയട്ടെ.”
“എന്താ?”
“നീ എന്നെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോകുമോ? അല്ലെങ്കിൽ ഞാൻ
ചിലപ്പോൾ മുഴു വട്ട് പിടിക്കും.”
എനിക്കും അത് തന്നെയാണ് നല്ലതെന്ന് തോന്നി.
“നീ സമാധാനപ്പെട്.. നാളെത്തന്നെ ഞാൻ നിന്നെ കൊണ്ട് പോകാം.”
അന്ന് നേരം വെളുക്കുവോളം ഞാൻ അവളോട് സംസാരിച്ച് കൊണ്ടിരുന്നു. സത്യത്തിൽ എനിക്ക്
പേടി ആയിരുന്നു അവൾ എന്തെങ്കിലും ചെയ്തു കളയുമോന്ന്.
ദേവുവിനോട് പറഞ്ഞപോലെ ഞാൻ അന്ന് തന്നെ അവളെ അമ്മയോടൊപ്പം ഒരു സൈക്യാട്രിസ്റ്റിന്റെ
അടുത്ത് കൊണ്ട് പോയി. ഡോക്ടറും അവളും തമ്മിൽ ഒരുപാട് നേരം സംസാരിച്ചു, അതിന് ശേഷം
അവൾക്ക് ഒരാഴ്ചത്തേക്ക് ഉള്ള മരുന്ന് കൊടുത്തു.. ആഴ്ചതോറും അവളെ ഡോക്ടറെ കാണാൻ
കൊണ്ട് പോകണമായിരുന്നു. ഞാൻ അതുപോലെ തന്നെ ചെയ്തു.
ഇപ്പോൾ മൂന്നാഴ്ചയോളം ആകുന്നു ഡോക്ടറിനെ കാണാൻ പോയി തുടങ്ങിയിട്ട്. നല്ല
മാറ്റമുണ്ട് അവൾക്കിപ്പോൾ. ആഹാരം കഴിക്കുന്നുണ്ട് നല്ലപോലെ ഉറങ്ങുന്നുണ്ട്. പഴയ ഒരു
പ്രസരിപ്പ് അവളിൽ തിരികെ എത്തിയിട്ടുണ്ട്.
മുറ്റത്തെ പടിയിൽ ഇരിക്കുകയായിരുന്നു ഞാനും ദേവുവും.
എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരിക്കുന്ന കൂട്ടത്തിൽ അവൾ എന്റെ തോളിലേക്ക് തലചാരി
വച്ചിരുന്നു.
“എന്ത് ജീവിതം ആണല്ലെടാ എന്റേത്.. ഒരു ലക്ഷ്യബോധം ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നു.”
ഞാൻ സ്വരം കടിപ്പിച്ച് പറഞ്ഞു.
“ദേവു.. ഡോക്ടർ പറഞ്ഞത് ഓർമ ഉണ്ടല്ലോ.. ആവശ്യമില്ലാത്ത ചിന്തകൾ മനസ്സിൽ കൂട്ടി
വയ്ക്കുന്നതാണ് നിന്റെ കുഴപ്പമെന്ന്.”
അവൾ ഒരു ചിരിയോടെ പറഞ്ഞു.
“അതിന് ഞാൻ മനസ്സിൽ കൂട്ടി വച്ചില്ലല്ലോ, നിന്നോട് പറയുകയല്ല ചെയ്തത്.”
ഞാൻ മനസ്സിൽ ചിന്തിച്ചു ഇവളുടെ പഴയ നാക്ക് തിരിച്ചു വന്നല്ലോന്ന്.
അവളുടെ ശ്രദ്ധ പെട്ടന്ന് അവളുടെ മടിയിലിരിക്കുന്ന എന്റെ കൈയിലേക്ക് തിരിഞ്ഞു.
“ഡാ.. ഞാൻ ഓഫീസിലെ ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തി കുളിച്ച് ഫ്രഷ് ആയിട്ട്
ഇരിക്കുകയായിരുന്നു. അപ്പോൾ ബിജു എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു.. വീട്ടിൽ
കുറച്ച് പ്രോബ്ലെംസ് മനസ് ശരിയല്ല, ഒന്ന് പാർക്കിൽ പോയിരിക്കാം അവനൊപ്പം
ചെല്ലുമോന്ന്.”
“ഹമ് ..”
“അവന്റെ മനസ് ശരിയല്ലാഞ്ഞിട്ട് വിളിച്ചതല്ലെന്ന് കരുതി ഞാൻ ചെന്നു. ഞങ്ങൾ പാർക്കിൽ
എത്തുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. ആളൊന്നും ഇല്ലാത്ത ഒരിടത്തേക്കാണ്
അവൻ എന്നെ കൂട്ടികൊണ്ട് പോയി ഇരുന്നത്.. ഞങ്ങൾ ചുമ്മാ ഓരോന്ന് സംസാരിച്ച് ഇരുന്നു.
അപ്പോഴാണ് അവനിൽ നിന്നും മദ്യത്തിന്റെ മണം എനിക്ക് കിട്ടിയത്.. പക്ഷെ ഞാൻ അതിനെ
കുറിച്ച് ഒന്നും ചോദിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ പാർക്കിലെ ആൾക്കാർ എല്ലാം
ഒഴിഞ്ഞ് തുടങ്ങി.”
ഞാൻ നിശ്ശബ്‌ദനായ ഒരു കേൾവിക്കാരനായി.
“എന്താണെന്ന് അറിയില്ല, അവൻ പെട്ടെന്ന് എന്റെ തോളിലേക്ക് തല ചായ്ച്ചു, ഞാൻ അവന്റെ ആ
പ്രവർത്തിയിൽ ഞെട്ടിപ്പോയി.. അവരോടൊപ്പം നടക്കുമായിരുന്നെങ്കിലും ഞാൻ ഒരിക്കൽ പോലും
ബിജുവിനെയോ സിജോയെയോ എന്റെ ശരീരത്ത് തൊടാൻ അനുവദിച്ചിരുന്നില്ല. ഞാൻ പെട്ടെന്ന്
തന്നെ കുറച്ച് അപ്പുറത്തേക്ക് നീങ്ങി മാറി, അതേ സമയം അവൻ എന്റെ ഇടുപ്പിൽ പിടിച്ച്
അവനോട് അടുപ്പിച്ചു. ഞാൻ അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് ദേഷ്യത്തിൽ എന്താ
കാണിക്കുന്നതെന്ന് ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു…
ഞാൻ അവളുടെ മുഖത്ത് നോക്കി.
“അന്ന് നീ ചെന്നൈയിൽ വന്നപ്പോൾ ഞാൻ നിന്റെ തോളിൽ തല ചായ്ച്ചിരുന്നു നീ എന്റെ
ഇടുപ്പിൽ പിടിച്ചു അതൊന്നും എനിക്ക് കുഴപ്പം ഇല്ലായിരുന്നല്ലോ, അവനും എന്റെ ഫ്രണ്ട്
അല്ലെ.. അവൻ അങ്ങനെ ചെയ്യുന്നത് കൊണ്ടെന്താണ് കുഴപ്പമെന്ന്.. ഞാൻ പെട്ടെന്ന്
എഴുന്നേറ്റ് നടക്കാൻ ഭാവിച്ചു. അപ്പോൾ അവൻ എന്റെ പിന്നിൽ കൂടി കൈ ഇട്ട് എന്റെ
നെഞ്ചിൽ കൈ അമർത്തി. പെട്ടെന്ന് വന്ന ഒരു ധൈര്യത്തിൽ ഞാൻ അവനെ തള്ളിമറിച്ചിട്ട്
റൂമിലേക്ക് ഓടുകയായിരുന്നു.”
എന്റെ തോളിൽ തല ചായ്ച്ചിരിക്കുന്ന അവളുടെ മുടിയിലേക്ക് ഞാൻ എന്റെ കവിൾ ചേർത്ത്
വച്ചു.
“ഡാ.. ഞാനിങ്ങനെ നിന്റെ തോളിൽ ചായ്ച്ചിരിക്കുമ്പോഴോ നിന്റെ കൈ ദാ ഇതുപോലെ എന്റെ
മടിയിൽ വച്ചിരിക്കുമ്പോഴോ അല്ലെങ്കിൽ എന്റെ ഇടുപ്പിൽ പിടിച്ച് നീ എന്നെ
അടുപ്പിച്ചിരുത്തുമ്പോഴോ എനിക്കൊന്നും തോന്നാറില്ല.. സത്യം പറഞ്ഞാൽ പലപ്പോഴും നീ
എന്റെ ശരീരത്ത് തൊട്ടിരിക്കുകയാണെന്ന് പോലും ഞാൻ അറിയാറില്ല. പക്ഷെ അവൻ അന്നെന്റെ
ശരീരത്ത് തൊട്ടപ്പോൾ..”
അവളുടെ തൊണ്ട ഇടറി തുടങ്ങിയത് ഞാൻ അറിഞ്ഞു.
അവളുടെ കവിളിൽ തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.
“അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ.. അതൊക്കെ മറന്ന് കളഞ്ഞേക്ക്.. നമുക്കിപ്പോൾ നിന്റെ
ഭാവിയെ കുറിച്ച് ചിന്തിക്കാം.”
“എന്റെ കല്യാണ കാര്യം എടുത്തിടാനാണോ നിന്റെ ഭാവം?”
“പിന്നല്ലാതെ എന്താ നിന്റെ ഭാവി പരിപാടി?”
“ഞാനെന്റെ പഴയ സ്വപ്നം ഒന്ന് പൊടി തട്ടി എടുത്തിട്ടുണ്ട്.. കുറച്ച് പൈസ
സമ്പാദിക്കണം, എന്നിട്ട് യാത്ര തുടങ്ങണം.”
ഒരു ചിരിയോടെ ഞാൻ ചോദിച്ചു.
“എന്നെയും കൂടെ കൂട്ടുമോ യാത്രയിൽ?”
“നീയില്ലാതെ എനിക്കെന്ത് യാത്ര.. പക്ഷെ മായ നിന്നെ വിടുമോ എന്നാണ് സംശയം.”
ഞങ്ങൾക്കിടയിൽ ഒരു ചിരി പടർന്നു.
.

Leave a Reply

Your email address will not be published. Required fields are marked *